തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നിലവിൽ പ്രതിപ്പട്ടികയിലുള്ള പലരും നിരപരാധികളാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ സൂചന നൽകി.
മുഹസ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സൂചന.
സിപിഎം പ്രവർത്തകൻ ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷിനെ(35)യാണ് സിറ്റി കമ്മീഷണർ ഇളങ്കോയുടെമേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ, തലശേരി സിഐ ഗോപകുമാർ, ചൊക്ലി സിഐ സുഭാഷ്, തലശേരി സിഐയുടെ സ്കോഡ് അംഗങ്ങളായ എസ്ഐ രാജീവൻ, എഎസ്ഐ വിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കുറൂളിക്കാവിന് സമീപത്തു നിന്നാണ് അനീഷ് പിടിയിലായത്. ഇവിടെയുള്ള ഫാം ഹൗസിന് സമീപത്തുകൂടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന അനീഷിനെ ആസൂത്രിത നീക്കത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു.
കണ്ണൂർ പോലീസ് ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചോദ്യം ചെയ്യൽ മുറിയിൽ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ അനീഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസിലെ രണ്ടാം പ്രതിയായ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത് രതീഷി(35)നെ ഇന്നലെ കോഴിക്കാട് ജില്ലയിലെ ചെക്യാട് കായലോട് അരുണ്ടയിൽ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ഷിനോസിനെ സംഭവ സ്ഥലത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു. ഇയാൾ റിമാൻഡിലാണുള്ളത്.
ഒന്നാം പ്രതി ഷിനോസിന്റെ മൊഴിയിൽ നിന്നാണ് അനീഷിന്റെ പങ്ക് വ്യക്തമായിട്ടുള്ളത്. എഫ്ഐആറിൽ അനീഷിന്റെ പേരുണ്ടായിരുന്നില്ല.
ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേശ്, ജാബിർ, നാസർ എന്നിവരും കണ്ടാലറിയാവുന്ന 14 പേരുമാണ് പ്രതിപട്ടികയിലുള്ളത്.
ഇവരിൽ അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും എട്ടാം പ്രതി ശശി കൊച്ചിയങ്ങാടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പത്താം പ്രതി ജാബിർ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ഇവരിൽ പലരും നിരപരാധികളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഷിനോസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും.