സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡിഎന്‍എ പരിശോധിക്കും. രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളും ഇതിനായി ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്ജന്മാരാണ് വിദഗ്ധാന്വേഷണത്തിനായി ഇവ ശേഖരിച്ചത്. സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ഉടന്‍ അയയ്ക്കും.
രതീഷിന്റേത് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര്ക്കുള്ളത്. ആന്തരികാവയങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്വാസകോശത്തിന് അമിത സമ്മര്‍ദ്ദമുണ്ടായത് ആത്മഹത്യയില്‍ സംഭവിക്കാവുന്നതരം പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍മാര്‍. ഈ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടിയിലേക്ക് അയക്കും.
ആന്തരികാവയവങ്ങളുടേയും ഡിഎന്‍എയുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
ആത്മഹത്യയ്ക്കു മുമ്പ് രതീഷിനെ ആരെങ്കിലും മര്ദിച്ചതാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് സംഘം. അക്രമിക്കുന്ന ഘട്ടത്തില്‍ രതീഷ് അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാവും.
ശ്വാസകോശത്തിന് സമ്മര്‍ദ്ദമുണ്ടായതായി കണ്ടെത്തിയ സാഹചര്യത്തില്‍ ആരെങ്കിലും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതാണെങ്കില്‍ കൈകള്‍ ഉപയോഗിച്ച് രതീഷ് അതിനെ ചെറുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവും.
ഈ സമയം കൈയിലെ നഖങ്ങളില്‍ ആക്രമിക്കുന്നയാളുടെ രക്തമോ മറ്റു ശരീരഭാഗങ്ങളിലെ മാംസമോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്.
ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്താം. കൂടാതെ മന്‍സൂര്‍ വധക്കേസില്‍ രതീഷിന്റെ പങ്കും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും.
മന്‍സൂര്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിവിധ തരം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രതീഷിന്റെ രക്തവും മുടിയിഴകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി താരതമ്യ പരിശോധന നടത്തും.
ശേഖരിച്ച ഏതെങ്കിലും തെളിവുകള്‍ രതീഷിന്റെ ഡിഎന്‍എയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ കൊലപാതകത്തിലെ പങ്കിന് ശാസ്ത്രീയ തെളിവായി അത് മാറും.
മന്‍സൂറിനെ ആക്രമിച്ച സമയത്ത് ഏതെങ്കിലും വിധത്തിലുള്ള ചെറുത്ത് നില്പ്പുണ്ടായിട്ടുണ്ടോയെന്നും ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.
സംഭവം നടന്നപറന്പിൽ തെരച്ചിൽ
കോഴിക്കോട് / നാദാപുരം: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൊലപാതകമാണോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. ഇതുവരേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ഫോറന്‍സിക് സര്‍ജനില്‍നിന്ന് വിവരങ്ങളും ശേഖരിച്ചിട്ടില്ല. കൊലപാതകമാണെന്ന വിധത്തിലുള്ള പ്രചാരണങ്ങളെ കുറിച്ച് അറിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
മാറാതെ ദുരൂഹത
രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ റൂറല്‍ എസ്പിയും സംഘവും പരിശോധന നടത്തിയിരുന്നു.
ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിജനമായ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പോലീസ് പരിശോധന നടത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടോടെ റൂറല്‍ എസ്പി ഡോ എ. ശ്രീനിവാസ് വളയം സിഐ പി.ആര്. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ രതീഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പിലെ കശുമാവിലും ഇയാളുടെ മാസ്കും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മാവിന് ചുവട്ടിലും പരിശോധന നടത്തിയത്.
ഒരു മണിക്കൂറിലേറെ സമയം എസ്പിയും സംഘവും ഈ സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.ഇന്നലെ രാവിലെ അഡീഷണല്‍ എസ്പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി.സി. സുന്ദരന്‍, നാദാപുരം ബോംബ് സ്ക്വാഡ്, പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡ്, സൈബര്‍ സെല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയ പറമ്പില്‍ വ്യാപക പരിശോധന നടത്തി. രതീഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇത് വരെ കണ്ടെത്താനായില്ല.
വിജനമായ പറമ്പില്‍ എവിടെയെങ്കിലും ഫോണോ മറ്റോ ഉണ്ടോ എന്നും പോലീസ് പരിശോധന നടത്തി.
ആ മൂന്നു പേർ
രതീഷിന്റെ കൂടെ മറ്റ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സാഹചര്യത്തിലുമാണ് വ്യാപക പരിശോധന നടത്തിയത്. രതീഷ് തൂങ്ങിമരിച്ച പറമ്പിന് മുകള്‍ ഭാഗത്തെ പറമ്പില്‍നിന്ന് പാര്‍സല്‍ ഭക്ഷണം എത്തിച്ച കവറും, സിഗരറ്റ് കുറ്റികളും പോലീസ് പരിശോധനയില്‍ കണ്ടെത്തി.
രതീഷ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ ചെക്യാട് മേഖലയില്‍ കണ്ടതായും കിഴക്കുംമുറി എന്ന സ്ഥലത്തെ കളിക്കളത്തില്‍ എത്തിയതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.