കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാന്‍ പോലീസ്.
റിപ്പോര്‍ട്ട് വന്നതിനുശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് തീരുമാനം. സംഭവത്തില്‍ ദൂരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടൂതല്‍ വിദഗ്ധാഭിപ്രായം തേടിയശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ.
അതേസമയം കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ കൂട്ടുപ്രതികള്‍ നടത്തുന്നതെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആത്മഹത്യചെയ്ത രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കൂട്ടുപ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് അന്വേഷണം.