തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ പ്രതി സ്ഥാനത്തേക്ക്.
പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയിലും നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയുമാണ് സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുളളത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചു വിലപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതി പുല്ലൂക്കര കായത്തീന്റെ പറമ്പത്ത് സുഹൈലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹർജി നൽകി.
മൻസൂറിന്റെ കുടുംബവുമായുള്ള ആത്മബന്ധം വിശദീകരിച്ചും നിരപരാധിത്വം ആവർത്തിച്ചു കൊണ്ട് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടു കൊണ്ടുമാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ സുഹൈൽ കോടതിയിൽ കീഴടങ്ങിയത്.
സുഹൈൽ ഉൾപ്പെടെ എട്ട് പ്രതികളാണ് ഈ കേസിൽ ഇപ്പോൾ റിമാൻഡിലുള്ളത്.