കോഴിക്കോട്: രതീഷിന്റെ മരണത്തിലെ ദുരൂഹതകള്‍ക്ക് ഉത്തരം തേടി ജില്ലാ ക്രൈംബ്രാഞ്ച് . വിജനമായ സ്ഥലത്താണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രതീഷിനൊപ്പം മൂന്നുപേര്‍ കൂടി ഇവിടെയുണ്ടായിരുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഇത് ആരെല്ലാമാണെന്ന് കണ്ടെത്തുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാനദൗത്യം. 25 മീറ്റര്‍ അകലെ തൂങ്ങി മരിക്കാന്‍ ആദ്യ ശ്രമം നടത്തിയതായും സംശയിക്കുന്നുണ്ട്. അവിടെ നിന്ന് മാറി മറ്റൊരിടത്ത് തൂങ്ങാനുള്ള സാധ്യതയും ഫോറന്‍സിക് സംഘവും പോലീസും വിശദമായി പരിശോധിച്ചുവരികയാണ്.
മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ പരിക്കേറ്റിരുന്ന രതീഷിന് ഒറ്റയ്ക്ക് കയര്‍ മരത്തില്‍ കുടുക്കി ആത്മഹത്യ ചെയ്യാന്‍ സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്. കെട്ടിതൂക്കിയിലുണ്ടാവുന്ന ലക്ഷണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ അന്വേഷണസംഘത്തിനുണ്ട്.
പരിസരത്ത് മണ് തിട്ട അടര്‍ന്ന് വീണത് ബലപ്രയോഗത്തിന്റെ ലക്ഷണമായിട്ടാണ് സംശയിക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് രതീഷ് ഒളിവില്‍ താമസിച്ച സ്ഥലം തിരിച്ചറിയാനാവില്ല. ഇവിടേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ രതീഷിനൊപ്പമുള്ളവര്ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന സംശയമാണുയരുന്നത്.
അങ്ങനെയെങ്കില്‍ എന്ത് കാരണത്തലാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തേണ്ടതായുണ്ട്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും രഹസ്യങ്ങള്‍ രതീഷിന് അറിയാമായിരുന്നോ എന്നതും അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.