തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. തട്ടിയെടുത്ത തുക കൊണ്ട് ജെന്റ്സ് ബ്യൂട്ടി പാർലറും ഹോട്ടലും തുടങ്ങിയതായിട്ടുള്ള വിവരവും പുറത്ത്. തട്ടിപ്പിനു പിന്നിൽ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയുള്ളതായും റിപ്പോർട്ടുണ്ട്.
സംഭവം പുറത്തായതോടെ പ്രമുഖ പാർട്ടിയുടെ രണ്ട് പ്രാദേശിക ഘടകങ്ങൾക്കുള്ളിലും ചേരിപ്പോര് രൂക്ഷമായി. ഒരു പ്രാദേശിക ഘടകം തട്ടിപ്പ് നടത്തിയ വ്യക്തിയേയും ഒത്താശക്കാരേയും സംരക്ഷിക്കാൻ ശക്തമായ നീക്കം നടത്തുമ്പോൾ ഇതിനു കീഴിൽ വരുന്ന മറ്റൊരു ഘടകം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണുള്ളത്.
തട്ടിപ്പ് നടത്തിയ നേതാവിനേയും കൂട്ടരേയും സംരക്ഷിക്കുന്നത് പാർട്ടിക്ക് ചേർന്ന പണിയല്ലെന്നും ഇക്കൂട്ടരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നുമാണ് പ്രാദേശിക യോഗത്തിൽ ഒരു മുതിർന്ന നേതാവ് പറഞ്ഞത്.
തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്ക് കാറ് ഒരുക്കി കൊടുത്തും മറ്റും സജീവ സാന്നിധ്യമായി നിറഞ്ഞ് നിന്ന യുവ നേതാവിന്റെ തട്ടിപ്പ് സംഘടനക്കുള്ളിൽ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിട്ടുള്ളത്.
സാമ്പത്തിക ക്രമക്കേട് പുറത്താകുമെന്ന് ഉറപ്പായതോടെ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണമെന്ന് പറഞ്ഞാണ് യുവ നേതാവ് സഹകരണ സ്ഥാപനത്തിലെ ജോലിയിൽ നിന്നും വിട പറഞ്ഞത്.
കുറച്ച് നാൾ കഴിഞ്ഞപ്പോൾ മുഴുവൻ സമയ പ്രവർത്തകനായപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയതെന്നും യുവ നേതാവിന്റെ വിരുദ്ധ ചേരിക്കാർ പറയുന്നു.
തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കിയിരുന്നു.ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായിട്ടുണ്ട്.