പാനൂർ: ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പൊടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ചത് വർഷങ്ങളായി നില നിൽക്കുന്ന സംശയരോഗമെന്ന് പോലീസ്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദമ്പതികളുടെ മരണങ്ങൾ. മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടികൃഷ്ണ (68)നാണ് ഭാര്യ നിർമല (60) യെ വീടിനകത്ത് വെച്ച് പ്ലാസ്റ്റിക്ക് കയർ കൊണ്ട് കഴുത്തു മുറുക്കി കൊന്നത്.
ഭാര്യ നിർമല വീടിനകത്ത് വീണ് പരിക്കേറ്റെന്ന് അയൽവാസികളോട് പറഞ്ഞതിന് ശേഷം അയൽവാസികളുടെ സഹായത്തോടെ നിർമലയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമലയെയും കൊണ്ട് അയൽവാസികൾ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കുട്ടികൃഷ്ണൻ തൂങ്ങി മരിച്ചത്. വീടിന്റെ പിൻഭാഗത്ത് രണ്ടാം നിലയിൽ ചുമരിനോട് ചേർന്നാണ് കുട്ടികൃഷ്ണൻ തൂങ്ങിയത്.
വർഷങ്ങളായി കുട്ടികൃഷ്ണന് ഭാര്യ നിർമലയുടെ ചാരിത്ര്യത്തിൽ സംശയമായിരുന്നെന്ന് പരിസരവാസികളും പറയുന്നു. പുലർച്ചെ വീടിന് മുന്നിലെ റോഡിലൂടെ പ്രഭാത സവാരി നടത്തുന്നവരെ പോലും ടോർച്ചടിച്ച് നോക്കാറുണ്ടെത്രേ. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ടയേർഡ് ജീവനക്കാരനാണ് കുട്ടികൃഷ്ണൻ.
സംഭവമറിഞ്ഞ് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, പാനൂർ എസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.