തലശേരി: പാനൂരിനു സമീപം പാലത്തായിയിൽ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി.
അതേസമയം പ്രതി കുറ്റംസമ്മതിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
പൊയിലൂർ തട്ടില്‍പീടികയിലെ ബന്ധുവീട്ടിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെ ബുധനാഴ്ചയാണ് പിടികൂടിയത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമുള്പ്പെടെ മൂന്നുതവണ പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞമാസം 17 നാണ് സംഭവത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.