തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മട്ടന്നൂരിലെ ജില്ലാ തല നേതാവിനെ പാർട്ടി ചുമതലപ്പെടുത്തി.
സംസ്ഥാനതല നേതാവ് തട്ടിപ്പ് അരങ്ങേറിയ പ്രദേശത്ത് എത്തി അന്വേഷണം നടത്തുകയും ഏരിയാതല യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാതല നേതാവിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇന്നലെ പാനൂരിലെത്തി വിവരങ്ങൾ ശേഖരിച്ചതായാണ് അറിയുന്നത്.
തട്ടിപ്പ് നടത്തിയ യുവ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിലും വിവാദം മുറുകുകയാണ്. ഒരു പോസ്റ്റിനായി അപേക്ഷ ക്ഷണിക്കുകയും തട്ടിപ്പ് നടത്തിയ നേതാവുൾപ്പെടെ രണ്ട് പേരെ സ്ഥാപനത്തിൽ നിയമിച്ചതായുള്ള വിവരവും പുറത്തു വന്നു.
ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുകയും രണ്ട് പേരെ നിയമിക്കുകയും ചെയ്ത സംഭവത്തിൽ തലശേരിയിലെ ഈ സഹകരണ സ്ഥാപനത്തിലെ ഉന്നതൻ കടുത്ത അതൃപ്തി രേഖപെടുത്തിയതായാണ് അറിയുന്നത്.
ഈ നിയമനം കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഉണ്ടായിട്ടുള്ളതെന്നും അതു കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് വിഷയങ്ങളുണ്ടായാൽ താൻ ഉത്തരവാദിയല്ലെന്നും തലശേരിയിലെ സഹകരണ സ്ഥാപനത്തിലെ ഉന്നതൻ രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇതിനു പുറമെ വിവാദ നിയമനത്തെ കുറിച്ച് ജീവനക്കാരിൽ ഒരു വിഭാഗവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സാമ്പത്തിക തട്ടിപ്പും ഇതോടൊപ്പം നടന്ന വിവാദ നിയമനവും രണ്ട് പ്രദേശത്തെ പ്രബലമായ കമ്മറ്റികൾ തമ്മിൽ രൂക്ഷമായ പോരിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.
ഇതിനിടയിൽ തട്ടിയെടുത്ത തുകയിൽ ഭാഗികമായ സംഖ്യ ആരോപണ വിധേയൻ തിരിച്ചടച്ചതായും അറിയുന്നു.തട്ടിയെടുത്ത തുക കൊണ്ട് നേതാവ് തുടങ്ങിയ ജെന്റ്സ് ബ്യൂട്ടി പാർലറും റസ്റ്റോറന്റും വില്പന നടത്തിയാണ് ഭാഗികമായി തുക തിരിച്ച് അടച്ചതെന്നാണ് അറിയുന്നത്.
തട്ടിപ്പിനു പിന്നിൽ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണം ഉയർന്നിരുന്നു. ഈ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് പണം തിരിച്ചടചതത്രെ. പണം തിരിച്ചടച്ച് രക്ഷപെടാൻ തട്ടിപ്പുകാർ ഊർജിത ശ്രമം നടത്തുന്നതിനിടയിലാണ് പാർട്ടി സംഭവത്തെ അതീവ ഗൗരവമായി എടുക്കുകയും അന്വേഷണത്തിന് ജില്ലാ നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.
സാമ്പത്തീക ക്രമക്കേട് പുറത്താകുമെന്ന് ഉറപ്പായതോടെ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണമെന്ന് പറഞ്ഞാണ് യുവ നേതാവ് സഹകരണ സ്ഥാപനത്തിലെ ജോലിയിൽ നിന്നും വിട പറഞ്ഞത്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ മുഴുവൻ സമയ പ്രവർത്തകനായപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തുകയായിരുന്നു.
തട്ടിപ്പ് സംബന്ധിച്ച് വിവരം പുറത്തായതിനെ തുടർന്ന്യുവ നേതാവിനെ പാനൂരിലെ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കിയിരുന്നു. അതീവ രഹസ്യമായി നടത്തിയ തട്ടിപ്പ് സംബന്ധിച്ച വാർത്ത രാഷ്ട്രദീപികയാണ് പുറത്ത് കൊണ്ടു വന്നത്.