മറയൂർ: കേരളീയരുടെ തൊടികളിലും വീട്ടുവളപ്പിലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ചക്കയ്ക്ക് സമീപ വർഷങ്ങളിലാണ് പ്രാധാന്യം ലഭിച്ചത്. ചക്ക ഉപയോഗിച്ച് ഐസ്ക്രീം, ജാം മുതൽ പായസം വരെയുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം ആരംഭിച്ചതോടെ ചക്കയ്ക്ക് വാണിജ്യപ്രാധാന്യവും വർധിച്ചു.
ചക്കയുടെ പ്രധാന്യം തിരിച്ചറിഞ്ഞ് സർക്കാർ 2018 മാർച്ച് 21 ന് കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും വെള്ളിത്തിരയിൽ ചക്ക പ്രമേയമായി വരെ സിനിമകൾ പുറത്തിറങ്ങുകയും ചെയ്തതോടെ തേൻവരിക്ക സൂപ്പർ സ്റ്റാറായി മാറിക്കഴിഞ്ഞു. എന്നാൽ ചക്കയുടെ പ്രാധാന്യവും വിപണിയിലെ മൂല്യവും പതിറ്റാണ്ടുകൾക്ക് മുന്പേ തിരിച്ചറിഞ്ഞ് ചക്കയെ വിദേശവിപണികളിൽ എത്തിക്കുകയും ചക്കയെ ആശ്രയിച്ചു ആയിരത്തിലധികം കുടുംബങ്ങൾ ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരുപ്രദേശമുണ്ട് നമ്മുടെ അയൽ സംസ്ഥാനത്ത്.
തമിഴ്നാട്ടിലെ കടലാർ ജില്ലയിലെ പൻട്രുത്തി എന്ന ചെറുപട്ടണവും അയൽ ഗ്രാമങ്ങളുമാണ് ചക്കയുടെ പെരുമ ലോകമെന്പാടും എത്തിച്ചത്. ഇവിടുത്തെ ചക്ക ഉത്പാദനവും കൃഷിരീതികളും ശാസ്ത്രീയ ഗവേഷണരീതിയും അറിഞ്ഞാൽ മലയാളികൾ തലതാഴ്ത്തും.
ഒരുനഗരത്തിന്റെയും ഗ്രാമത്തിന്റെയും ജീവിതത്തിന്റെയും നിലനിൽപ്പിന്റെയും ഭാഗമാണ് പൻട്രുത്തിയിലെ ചക്കവിപണി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചക്കവിപണിയെന്ന് അവകാശമുന്നയിച്ചാലും തെറ്റില്ല. മധുര-ചെന്നൈ പാതയിലാണ് പൻട്രുത്തി. മധ്യകേരളത്തിലെ റബർതോട്ടങ്ങൾക്ക് സമാനമായാണ് ഇവിടത്തെ പ്ലാവിൻതോട്ടങ്ങൾ. ആയിരത്തിലധികം പ്ലാവുകൾ നട്ടുവളർത്തി ഏകവിള തോട്ടമായി പരിപാലിക്കുന്ന നൂറുകണക്കിന് കർഷകരുള്ള നാടാണിത്.
ഡ്രിപ്പ് ഇറിഗേഷനും ചക്ക താഴെ വീഴാതെ പറിച്ചെടുക്കാൻ ആധുനികസാങ്കേതിക വിദ്യയുമെല്ലാം പൻട്രുത്തിക്കാർ എപ്പോഴേ പരീക്ഷിച്ചുവിജയിച്ചു കഴിഞ്ഞു. 10 മുതൽ 20 ലോഡ് വരെ ചക്കയാണ് പൻട്രുത്തി മാർക്കറ്റിൽ വില്പന നടക്കുന്നത്.
സർക്കാർ ശാസ്ത്രീയമായ സഹായവും ഇടപെടലും നടത്തിയതിനാൽ എല്ലാ സീസണിലും പൻട്രുത്തി മാർക്കറ്റിൽ ചക്ക സുലഭമാണ്. ഒരേക്കർ മുതൽ 25 ഏക്കറിൽ വരെ പ്ലാവുകൾ പരിപാലിച്ചുവരുന്ന നിരവധിപേർ പൻട്രുത്തി എന്ന പട്ടണത്തിന്റെ അതിർത്തി ഗ്രാമങ്ങളായ തിരുത്തരിയൂർ, അംഗചെട്ടിപ്പാളയം, രുദ്രക്കോട്ട, പെരിയകാട്ടുപാളയം, മന്ദിപാളയം എന്നിവിടങ്ങളിലുണ്ട്.
ഏകദേശം 50,000നു മുകളിൽ പ്ലാവുകൾ ഇവിടങ്ങളിൽ വളരുന്നുണ്ടെന്നാണ് കണക്ക്. രാവിലെ അഞ്ചുമുതൽ സൈക്കിളിലും വാഹനങ്ങളിലുമായി ചക്ക പൻട്രുത്തിയിലെ രത്തിനം പാളയം മാർക്കറ്റിൽ എത്തിത്തുടങ്ങും. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് കച്ചവടക്കാർ വിലപറഞ്ഞ് വാങ്ങി മണ്ടികളിൽ (ചക്ക ഗോഡൗണ്) സൂക്ഷിക്കും. പിന്നീട് മൊത്ത വ്യാപാരികൾക്ക് വിൽക്കും. ചക്കച്ചുള പ്ലാസ്റ്റിക് കൂടുകളിലാക്കി ബസുകളിലും സ്റ്റാൻഡുകളിലും വിൽപന നടത്തുന്ന നൂറുകണക്കിന് ഗ്രാമീണരുമുണ്ട്. വിളവെടുപ്പില്ലാത്ത സമയത്ത് പ്ലാവിന്റെ ശിഖരങ്ങൾ മുറിച്ച് ആടുവളർത്തലും നടത്തും.
തൂക്കം 61 കിലോ,വില 1750-2000 രൂപ
സാധാരണ 14-15 കിലോ വരെയാണ് ഒരുചക്കയുടെ ശരാശരി തൂക്കം. എന്നാൽ 61 കിലോഗ്രാം തൂക്കം വരുന്ന ജംബോ ചക്കകൾ ഇവിടെ വിളയുന്നുണ്ട്. ഒരു ചക്കയ്ക്ക് 50 രൂപ മുതൽ 2000 രൂപവരെ വില ലഭിക്കും. മധുരം കൂടുതലായതിനാൽ പൻട്രുത്തി ജാക്ക് ഫ്രൂട്ട് എന്നപേരിലാണ് വിദേശവിപണികളിൽ വിൽപന നടക്കുന്നത്. മഴ കുറവായതിനാൽ കേരളത്തിലെ ചക്കപ്പഴത്തേക്കാൾ രുചിയും കൂടുതലാണ് പൻട്രുത്തി ചക്കപ്പഴത്തിന്.
ക്ഷേത്രപ്രസാദമായി ചിത്തിര കനി
ചക്കച്ചുളയും അവൽ നനച്ചതും പ്രസാദമായി നൽകുന്ന ക്ഷേത്രങ്ങളും ഇവിടെ നിരവധിയുണ്ട്. തിരുത്തിവല്ലയാർ ക്ഷേത്രത്തിൽ പ്രധാന വഴിപാടുകൾ നടത്തിയ ശേഷം നൽകുന്ന ചക്കച്ചുളയും അവലും ക്ഷേത്രത്തിൽ തന്നെയിരുന്നു കഴിച്ചശേഷമാണ് ഭക്തർ മടങ്ങാറുള്ളത്.
പൻട്രുത്തി ഭാഗങ്ങളിൽ ചക്കപ്പഴം ചിത്തിരകനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ചക്ക പഴുക്കുന്നത് ചിത്തിര (മേടം) മാസത്തിലായതിനാലാണ് ഈ പേരു വന്നത്.
പാലൂർ റിസർച്ച് സെന്റർ
പൻട്രുത്തിക്കടുത്ത് തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലൂർ വെജിറ്റബിൾ റിസർച്ച് സെന്ററിൽ നിന്നുള്ള സഹായവും കർഷകർക്ക് തുണയാണ്.പ്രദേശത്ത് വളരുന്ന മുന്തിയ ഇനങ്ങളും രുചി സമ്മാനിക്കുന്നതുമായ ഇനങ്ങൾ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും കണ്ടെത്തി ഗ്രാഫ്റ്റ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഏറ്റവും വലിയ നേട്ടം.
1992 കാലത്ത് പാലൂർ -1, 2001 കാലത്ത് പാലൂർ – 2 എന്നിങ്ങനെ ഗുണനിലവാരമുള്ള തൈകൾ വികസിപ്പിച്ചെടുത്ത് 20000 തൈകൾ വീതം പ്രതിവർഷം കർഷകർക്ക് വിതരണം ചെയ്യുന്നു. കേരളത്തേക്കാൾ ചക്കപ്പഴത്തിന് തമിഴ്നാട് സർക്കാർ നൽകുന്ന പ്രാധാന്യം ഈ ഗവേഷണ കേന്ദ്രം സന്ദർശിച്ചാൽ മനസിലാകും.
തടികൾക്ക് പുറമേ തകിലും
ഒരേക്കറിലെ എഴുപത് മരങ്ങളിൽ നിന്നു ചക്കപ്പഴം വിൽപനയിലൂടെ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വരുമാനം.ഇതിനുപുറമേ ആടുവളർത്തലും നടത്താം. ശിഖരങ്ങൾ മുറിച്ചുനൽകുന്നതിനാൽ തീറ്റക്ഷാമം ഉണ്ടാവില്ല എന്നതാണ് ആടുവളർത്തലിലേക്കു തിരിയാൻ കാരണം.
തൈകൾ വിറ്റഴിച്ചും വരുമാനം ഉണ്ടാക്കുന്നു. ഇതിനുപുറമേ വൃക്ഷങ്ങൾ മുറിച്ചുവിൽക്കുന്ന വ്യവസായവും സജീവമാണ്. പ്ലാവിന്റെ തടി ഉപയോഗിച്ചാണ് തകിൽ എന്ന വാദ്യോപകരണം നിർമിക്കുന്നത്. പ്ലാവിൻ തടികൾ മഴക്കാലത്ത് മുറിച്ചെടുത്ത് വെള്ളത്തിൽ മാസങ്ങളോളം മുക്കിയിടും.
ഇതിനു ശേഷം തടി കടഞ്ഞെടുത്താണ് തകിൽ നിർമിക്കുന്നത്. ഇത്തരത്തിൽ സംഗീത ഉപകരണങ്ങൾ നിർമിക്കുന്ന നിരവധി കേന്ദ്രങ്ങൾ പൻട്രുത്തി ഗ്രാമങ്ങളിൽ കാണാം.