പന്ത്രണ്ട്… പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത്രണ്ട് എന്ന സിനിമ 24-ന് തിയറ്ററുകളില്‍ എത്തും.
സംസ്ഥാനത്തൊട്ടുക്കും നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ദേവ് മോഹന്‍, വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പതിനഞ്ചോളം പുതുമുഖ താരങ്ങളാണ് വേഷമിടുന്നത്.
പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും പുറത്തിറങ്ങിയ കാരക്ടര്‍ -മോഷന്‍ പോസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
കടല്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാലാതിവര്‍ത്തിയായ ചില സംഭവങ്ങളെ സമകാലിക ജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ട് അവതരിപ്പിക്കുകയാണ് സംവിധായകന്.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഡബ്ബിംഗിനിടയിലെ ഷൈന്‍ ടോമിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന സമയത്ത് ആ രംഗങ്ങള്അഭിനയിക്കുന്നതു പോലെ കൈ കൊണ്ടും ശരീരം കൊണ്ടു ആംഗ്യങ്ങള്‍ കാണിച്ച് ആസ്വദിച്ച് ഡബ്ബിംഗ് ചെയ്യുകയായിരുന്നു ഷൈന്‍ ടോം.
ഒരു കടലോരഗ്രാമത്തില്‍ ജീവിക്കുന്ന കുറെ മനുഷ്യരും അവരിലേക്ക് കടന്നുവരുന്ന ഊദ് എന്ന സംഗീത ഉപകരണം വായിക്കുന്ന വ്യക്തിയും അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന ഒരു ബന്ധവുമാണ് സിനിമയുടെ ഇതിവൃത്തം.
പ്രമേയത്തിന്റെ തീവ്രത ഒട്ടും ചോര്ന്നുപേകാതെയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്.
തീരദേശവാസികളുടെ ജീവിതത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ സാഹചര്യങ്ങളെ സംവിധായകന് ഒപ്പിയെടുക്കുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
“തെറ്റിപ്പോയവനെ മാറ്റി നിര്‍ത്തുകയല്ല, ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടത്’ എന്ന സന്ദേശമാണ് സിനിമ ഉയര്‍ത്തുന്നത്. ജീവിതസാഹചര്യങ്ങള്‍ മനുഷ്യനെ പല വഴികളിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കും അത് പലപ്പോഴും തിന്മയുടേതും ആവാം.
ഈ വഴിപിരിഞ്ഞു പോയവരെ ചേര്‍ത്തു പിടിക്കാനും. കൂടെ നടത്താനുമുള്ള ഹൃദയ വിശാലതയിലേക്കു ഈ സിനിമ കൊണ്ടുപോകും- അണിയറക്കാര്‍ പറയുന്നു.
യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നരീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകന് ഭദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ തദേവൂസ് ജയറാമിനെ നായകനാക്കി ഒരുക്കിയ ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിനുശേഷമാണ് പുതിയ സിനിമയുമായി എത്തുന്നത്.
41 ദിവസം നീണ്ട ഷെഡ്യൂള്‍, ആറുകോടി ചെലവ്
2021 എപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നു.ഇതോടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയാത്ത സാഹചര്യമായി.
ഒാഗസ്റ്റ് 23നാണ് പിന്നെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതോടെ ബജറ്റും ഉയര്‍ന്നു. എകദേശം ആറു കോടി രുപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
ഇതിനിടയില്‍ പ്രധാന കഥാപാത്രം ചെയ്യുന്ന നടന്മാരുടെ ഡേറ്റുകളും പ്രശ്നമായി. അപ്പോഴും സിനിമ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിച്ചു. ഒക്ടോബർ 11ന് ഷൂട്ടിംഗ് തീർന്നു.
കടലില്‍ ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. കടല്‍ ഒരു പ്രധാന കഥാപാത്രമാകുന്നതും അതുകൊണ്ടുതന്നെ.
തീര്‍ച്ചയായും തിയറ്റര്‍ എക്സ്പീരിയന്‍സാണ് ചിത്രം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഒടിടി സാധ്യതകള്‍ തേടാതെ ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ അണിറക്കാര്‍ തീരുമാനിച്ചത്.
പ്രമേയത്തിലും അവതരണത്തിലും ഉള്ള വിശ്വാസം തന്നെയാണ് അതിനു കാരണം. നാഗര്‍ കോവില്‍, കൊച്ചി, ആലപ്പുഴ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.
പ്രതീക്ഷിച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കാനായത് സംവിധായകന് ഉള്‍പ്പെടെ സംതൃപ്തി നല്‍കുന്നുണ്ട്.
വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അല്‍ഫോന്‍സ് ജോസഫ് സംഗീതമൊരുക്കിയ വരികള്‍ എഴുതിയത് ജോ പോള്‍ ആണ്. ജോസഫ് നെല്ലിക്കലിന്റെ മാന്ത്രിക സ്പര്‍ശം ഓരോ ഫ്രെയിമിനെയും മികച്ചതാക്കുന്നുണ്ട്.
സ്കൈപാസ് എന്റര്‍ടൈമെന്റിന്റെ ബാനറില്‍ വിക്ടര്‍ ഏബ്രഹാം ആണ് നിര്‍മാണം. പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന് തുടങ്ങി വ്യത്യസ്തപ്രമേയങ്ങളുള്ള സനിമകള്‍ കൈയടക്കത്തോടെ അവതരിപ്പിച്ച ലിയോ തദേവൂസിന്റെ അഞ്ചാമത്തെ സംവിധാന സംരഭമാണിത്.