വിശാഖപട്ടണം: യുവതാരങ്ങളിൽ വച്ച് ഏറ്റവും മികച്ച ഫിനിഷർ ഋഷഭ് പന്ത് ആണെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ. ട്വന്റി-20 മത്സരങ്ങൾ സമ്മർദമേറിയതാണെന്നും പൃഥ്വി പറഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ പന്ത് ആയിരുന്നു ഡൽഹിയുടെ ജയത്തിനു വഴിവച്ചത്. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും പന്തിനായിരുന്നു.
21 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 49 റണ്‍സ് പന്ത് അടിച്ചുകൂട്ടി. നിർഭാഗ്യവശാലാണ് പന്തിന് പുറത്താകേണ്ടിവന്നതെന്നും വിജയറണ്‍ നേടാൻ അദ്ദേഹത്തിനു കഴിയാതെവന്നതെന്നും പൃഥ്വി കൂട്ടിച്ചേർത്തു. മത്സരത്തിൽ പൃഥ്വി ഷാ 38 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 56 റണ്‍സ് നേടിയിരുന്നു.
ഒരു പന്ത് ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് ജയത്തോടെ ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനായി യോഗ്യത നേടി. ഇന്നു നടക്കുന്ന ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ എതിരാളി.