സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം ചേതേശ്വർ പൂജാരയാണ് സ്വന്തമാക്കിയതെങ്കിൽ രണ്ടാം ദിനത്തിന്റെ അവകാശിയായത് ഋഷഭ് പന്ത് എന്ന ഇരുപത്തൊന്നുകാരൻ. പൂജാരയുടെ (193 റണ്‍സ്) റണ്പൂജയ്ക്കുശേഷം പന്തിന്റെ (159 നോട്ടൗട്ട്) വെടിക്കെട്ട് കൂടി ആയതോടെ ആതിഥേയർ തളർന്നു.
രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ (81 റണ്‍സ്) ആക്രമണവും ചേർന്നപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622ൽ ഡിക്ലയർ ചെയ്തു. പന്താട്ടത്തിലൂടെ ഇന്ത്യ ഉയർത്തിയ റണ്‍മലയ്ക്കു മുന്നിൽ ഒന്നാം ഇന്നിംഗ്സിനെത്തിയ ഓസ്ട്രേലിയ രണ്ടാം ദിനം പരിക്കേൽക്കാതെ അവസാനിപ്പിച്ചു.
വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സുമായാണ് ആതിഥേയർ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 303 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യ ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 319 റണ്‍സ്കൂടി ചേർത്തു.
പന്ത് ചരിതം
നേരിട്ട 137-ാം പന്തിൽ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ മാസ്മരികതയിൽ സിഡ്നി ഇന്നലെ മയങ്ങി. 185-ാം പന്തിൽ പന്ത് 150 കടന്നു. 14 ഫോറും ഒരു സിക്സും അപ്പോൾ യുവതാരത്തിന്റെ ബാറ്റിൽനിന്ന് പിറന്നിരുന്നു. നേരിട്ട 89-ാം പന്തിൽ 50 തികച്ച് രവീന്ദ്ര ജഡേജയും പന്തിനു പിന്തുണയേകി. ഇരുവരും തകർത്ത് മുന്നേറിയതോടെ ഓസീസ് വലഞ്ഞു.
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഇരുപത്തൊന്നുകാരനായ പന്ത്. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ വ്യക്തിഗത സ്കോറിൽ മൂന്നാം സ്ഥാത്ത് എത്താനുമായി ഡൽഹി താരത്തിന്. ചെന്നൈയിൽ എം.എസ്. ധോണി നേടിയ 224ഉം ചെന്നൈയിൽത്തന്നെ ബുദ്ധി കുന്ദേരന്റെ 192ഉം ആണ് പന്തിന്റെ 159 നോട്ടൗട്ടിനു മുകളിലുള്ളത്.
എന്നാൽ, വിദേശത്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറാണിത്. എം.എസ്. ധോണിയുടെ പേരിലുണ്ടായിരുന്ന 12 വർഷം പഴക്കമുള്ള റിക്കാർഡാണ് പന്ത് തിരുത്തിയത്. 2006ൽ പാക്കിസ്ഥാനെതിരേ ഫൈസലാബാദിൽ ധോണി നേടിയ 148 റണ്‍സ് ആയിരുന്നു വിദേശത്ത് ഇന്ത്യൻ കീപ്പറുടെ ഇതുവരെയുണ്ടായിരുന്ന ഉയർന്ന സ്കോർ.
189 പന്തിൽനിന്ന് ഒരു സിക്സും 15 ഫോറും അടക്കമാണ് 159 റണ്‍സുമായി പന്ത് പുറത്താകാതെനിന്നത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാൻ ശ്രമിച്ച ജഡേജയുടെ വിക്കറ്റ് തെറിച്ചതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ചരിത്ര റണ്പൂജ
ആദ്യ ദിനം അവസാനിക്കുന്പോൾ 130 റണ്‍സുമായി പൂജാരയും 39 റണ്‍സുമായി ഹനുമ വിഹാരിയുമായിരുന്നു ക്രീസിൽ. ഇന്നലെ ഇരുവരും തങ്ങളുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 101ൽ എത്തിച്ചാണ് പിരിഞ്ഞത്. വിഹാരിയെ (42 റണ്‍സ്) ലിയോണ്‍ മടക്കുകയായിരുന്നു.
ഒരറ്റത്ത് തകർത്ത് മുന്നേറിയ പൂജാര ഋഷഭ് പന്തിനൊപ്പം ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 373 പന്തിൽനിന്ന് 193 റണ്‍സുമായാണ് പൂജാര മടങ്ങിയത്. ലിയോണിനു റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു മടക്കം. 192ൽ നിൽക്കേ ലിയോണിന്റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ഉസ്മാൻ ഖവാജ പൂജാരയെ വിട്ടുകളിഞ്ഞിരുന്നു.
നാല് മത്സര ടെസ്റ്റ് പരന്പരയിൽ ഏറ്റവും അധികം പന്ത് നേരിടുന്ന നാലാമത്തെ താരമെന്ന റിക്കാർഡ് പൂജാര നേടി. 1258 പന്തുകളാണ് പൂജാര ഇതുവരെ നേരിട്ടത്. റിച്ചി റിച്ചാർഡ്സണ് (1358), രാഹുൽ ദ്രാവിഡ് (1336), അലിസ്റ്റർ കുക്ക് (1285) എന്നിവരാണ് പൂജാരയ്ക്കു മുന്നിലുള്ളത്.
190കളിലെ പുറത്താകൽ
190കളിൽ പുറത്താകുന്ന ഇന്ത്യയുടെ എട്ടാമത് ബാറ്റ്സ്മാനാണ് പൂജാര. ഓസ്ട്രേലിയയിൽ ഇരട്ട സെഞ്ചുറിക്ക് അരികെ മടങ്ങേണ്ടിവന്ന രണ്ടാമനും. 2003ൽ വിരേന്ദർ സെവാഗ് 195 റണ്‍സ് നേടി പുറത്തായിരുന്നു. 2004ൽ സച്ചിൻ തെണ്ടുൽക്കർ 194 റണ്‍സ് എടുത്ത് പുറത്താകാതെനിന്നിരുന്നു.
സമനില ?
മൂന്നാം ദിനമായ ഇന്ന് ഇന്ത്യക്ക് അനുകൂലമായി കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ മത്സരം സമനിലയിൽ അവസാനിച്ചേക്കും. സ്പിന്നിനെ തുണയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പിച്ചിൽ കുൽദീപ് യാദവും ജഡേജയും വിഹാരിയുമെല്ലാം വിക്കറ്റ് വീഴ്ത്തിയാൽ ഇന്ത്യ ജയം സ്വപ്നംകാണും. ഇന്നലെ മുഹമ്മദ് ഷാമിയുടെ പന്തിൽ ഉസ്മൻ ഖവാജയെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞിരുന്നു.
ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ച് ലഭിച്ചേക്കുമായിരുന്ന സാഹചര്യത്തിൽ ഡൈവ് ചെയ്ത പന്തിന്റെ ഗ്ലൗ ചോരുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേസർമാർ ഇന്നു രാവിലെ വിക്കറ്റ് വീഴ്ത്തിയാൽ ഇന്ത്യ ചരിത്രം കുറിക്കും. ഈ ടെസ്റ്റ് സമനിലയിൽ കലാശിച്ചാൽപോലും ഇന്ത്യക്ക് ചരിത്രമെഴുതാം. കാരണം, 2-1നു മുന്നിലുള്ള ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. ഓസീസ് മണ്ണിൽ ഇന്ത്യയുടെ ആദ്യ പരന്പര നേട്ടമാകുമത്.
പന്ത് 159*
സിഡ്നിയിൽ ഋഷഭ് പന്ത് പുറത്താകാതെ നേടിയ 159 റണ്‍സ് വിദേശത്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഓസ്ട്രേലിയയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും പന്ത് തന്നെ. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പറും യുവതാരംതന്നെ. 1967ൽ ഫറൂഖ് എൻജിനിയർ അഡ്ലെയ്ഡിൽ നേടിയ 89 റണ്‍സ് ആയിരുന്നു ഓസ്ട്രേലിയയിൽ ഇതുവരെയുള്ള ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ.
ഇന്ത്യ 622/7
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. ചേതേശ്വർ പൂജാരയും ഋഷഭ് പന്തും ഇന്ത്യക്കായി സെഞ്ചുറി നേടി. മറുപടി ഒന്നാം ഇന്നിംഗ്സിനായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്.
വയസ് 21
21 വയസിനുള്ളിൽ രണ്ട് സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്. പന്തിന്റെ രണ്ട് സെഞ്ചുറികളും ഏഷ്യക്ക് പുറത്തുമായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഓവലിൽ 119ഉം ഇപ്പോൾ ഓസീസിനെതിരേ സിഡ്നിയിൽ 159 നോട്ടൗട്ടും.
കൂട്ടുകെട്ട് 204
ഏഴാം വിക്കറ്റിൽ ഇന്ത്യക്കായി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് നേടിയത് 204 റണ്‍സ്. ഓസ്ട്രേലിയയിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഓസ്ട്രേലിയയുടെ ഗ്രെഗ് മാത്യൂസ് – ഗ്രഹാം യാലൊപ് 1983ൽ പാക്കിസ്ഥാനെതിരേ നേടിയ 185 റണ്‍സ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. എവേ മത്സരങ്ങളിൽ ഏഴാം വിക്കറ്റിൽ ഇന്ത്യയുടെ മികച്ച രണ്ടാമത് കൂട്ടുകെട്ടുമാണിത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് അഗർവാൾ സി സ്റ്റാർക്ക് ബി ലിയോണ്‍ 77, രാഹുൽ സി മാർഷ് ബി ഹെയ്സൽവുഡ് 9, പൂജാര സി ആൻഡ് ബി ലിയോണ്‍ 193, കോഹ്ലി സി പെയ്ൻ ബി ഹെയ്സൽവുഡ് 23, രഹാനെ സി പെയ്ൻ ബി സ്റ്റാർക്ക് 18, വിഹാരി സി ലബുഷ്ചാഗ്നെ 42, പന്ത് നോട്ടൗട്ട് 159, ജഡേജ ബി ലിയോണ്‍ 81, എക്സ്ട്രാസ് 20, ആകെ 167.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622 ഡിക്ലയേഡ്.
ബൗളിംഗ്: സ്റ്റാർക്ക് 26-0-123-1, ഹെയ്സൽവുഡ് 35-11-105-2, കമ്മിൻസ് 28-5-101-0, ലിയോണ്‍ 57.2-8-178-4, ലബുഷ്ചാഗ്നെ 16-0-76-0, ട്രാവിസ് ഹെഡ് 4-0-20-0, ഖവാജ 1-0-4-0.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഹാരിസ് നോട്ടൗട്ട് 19, ഖവാജ നോട്ടൗട്ട് 5, എക്സ്ട്രാസ് 0, ആകെ 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 24.
ബൗളിംഗ്: ഷാമി 3-0-9-0, ബുംറ 3-0-12-0, ജഡേജ 2-1-1-0, കുൽദീപ് 2-1-2-0.