കെ.അനീഷ്കുമാർ
പന്തളം: പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തളംകൊളുത്തി പട… തലമുറകളോളം കേട്ടു പതിഞ്ഞ ഈ വാമൊഴി, ഇപ്പോൾ പെട്ടെന്നൊന്ന് പറഞ്ഞ് ഫലിപ്പിക്കണമെങ്കിൽ അറിയാതെ ചില അക്ഷരങ്ങൾ തെറ്റും, അർത്ഥവ്യത്യാസം വേറെയും. ഇപ്പോൾ ഈ വാമൊഴി പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ,
പന്തളം ബാലന്റെ ഗാനമേള എന്നായിരിക്കുന്നു. മലയാളികളുടെ മനസിൽ അത്രമേൽ ഇരിപ്പിടമുറപ്പിച്ച ഗായകനാണ് പന്തളം ബാലൻ. അവഗണനയിൽ കെട്ടിപ്പൊക്കിയ വേദികളിൽ പാട്ടു പാടിയാണ് ബാലൻ ഈ പേരും പെരുമയും സ്വന്തമാക്കിയതെന്നതാണ് വൈരുദ്ധ്യം.
ഇന്പമാർന്ന ശബ്ദമടക്കം സംഗീതത്തിന് പ്രിയപ്പെട്ടതെല്ലാമുണ്ടായിട്ടും, ഈ ഗായകനെ ഒരു കോണിലേക്ക് മാറ്റി നിർത്തുന്നതായി എന്തോ ഒന്ന് സംഗീതലോകത്ത് വ്യാപരിക്കുന്നുണ്ടെന്ന് ആരാധകരും പരിതപിക്കുന്നു. അതെന്തെന്ന് കൃത്യമായി ബോധ്യമുള്ള ബാലൻ, പരിഭവം സദസുമായി പങ്കിട്ട് ഇന്നും പാട്ടു തുടരുകയാണ്, ആയിരക്കണക്കിനു വേദികളിലായി.
പ്രമദവനം, ഏഴ് സ്വരങ്ങളും, നക്ഷത്രദീപങ്ങൾ, ഹരിമുരളീരവം, രാമകഥ എന്നിങ്ങനെ തുടങ്ങുന്ന മലയാളികളുടെ ഇഷ്ടഗാനങ്ങൾ ഇത്രയധികം വേദികളിൽ പൂർണതയോടെ പാടിയ മറ്റൊരു ഗായകനില്ലെന്ന് തന്നെ പറയാം.
എങ്കിലും, സിനിമയിൽ നിന്ന് അകറ്റി നിർത്തിയതിനാൽ സെലിബ്രിറ്റി മുഖം നഷ്ടമായ കലാകാരനാണ് ബാലൻ എന്ന വിശേഷണത്തിനാണ് കൂടുതൽ ചേർച്ച. 1989ൽ സഖാവ് എന്ന ചിത്രത്തിലൂടെയാണ് ബാലന്റെ സിനിമാ പിന്നണി പ്രവേശം. ഈ ചിത്രം റിലീസ് ചെയ്യപ്പെടാതിരുന്നതിൽ തുടങ്ങുന്നു ബാലന്റെ സങ്കടങ്ങൾ. പിന്നീട് പാടിയ പകൽപൂരം, എന്റെ ഹൃദയത്തിന്റെ ഉടമ, ചേരി, ഗോത്രം എന്നീ സിനിമകളുടെയും ഗതി മറ്റൊന്നായിരുന്നില്ല.
ഏതൊരു കലാകാരനും കല ഉപേക്ഷിച്ചു പോയേക്കാവുന്ന സങ്കീർണമായ സന്ദർഭം. സിനിമയിൽ പാടാത്തവർ പിന്തള്ളപ്പെടുമെന്ന സ്ഥിതി നിലനിൽക്കെ തന്നെയാണ്, ഗാനമേള വേദികളിൽ തന്നെ, ശ്രദ്ധകൊടുത്തുള്ള വെല്ലുവിളി അദ്ദേഹം സ്വയം ഏറ്റെടുത്തത്. തന്റെ വിശ്വാസം തന്നെയാണ് ശരിയെന്ന് തെളിയിക്കുകയായിരുന്നു പിന്നീടുള്ള കാലം.
സംഗീതത്തിന് ജാതി, മതം, നിറം എന്നിങ്ങനെ വേർതിരിവുകളൊന്നുമില്ലെന്ന ഒറ്റ ഉത്തരമാണ്, അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനു പന്തളം ബാലന് എപ്പോഴും നല്കാനുള്ളത്. തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയത് മുതൽ തുടങ്ങിയതാണ് സംഗീതവഴിയിലെ ഈ യാത്ര. നീണ്ട 30 വർഷങ്ങൾ. ഇടയ്ക്ക് എട്ട് വർഷത്തോളം അമേരിക്കയിലെ പ്രവാസജീവിതത്തിലും സംഗീതത്തെ കൈവിടാതെ ഒപ്പം നിർത്തി. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്പോഴായിരുന്നു ഈ ഇടവേള.
തിരികെയെത്തിയ ശേഷം വൈകാതെ തന്നെ വേദികളിൽ നിറഞ്ഞു നിൽക്കാനായത് അദ്ദേഹത്തിന്റെ ആലാപനമികവ് കൊണ്ട് മാത്രമായിരുന്നു. മികച്ച ഗായകനെന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായി. തിരുവനന്തപുരത്ത് മയൂരം വീട്ടിൽ സ്ഥിരതാമസമായ ബാലന്റെ ഭാര്യ ലക്ഷ്മിയും ഗായികയാണ്. പഠനത്തിനൊപ്പം സംഗീതരംഗത്തും അരങ്ങേറ്റം കുറിച്ചവരാണ് മക്കളായ അഖിലും അമലും.