പന്തളം: പന്തളത്തെ പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റുന്ന ജോലികൾ പാതിവഴിയിൽ മുടങ്ങി. ഇതുമൂലം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പരിസരത്തെ വഴികൾക്ക് അപകടഭീഷണിയായി. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് പഴയ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. പൊളിച്ചു മാറ്റുന്ന ജോലി 65,000 രൂപയ്ക്കാണ് കരാർ നല്കിയതെന്ന് നഗരസഭാ അധികൃതർ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുന്പ് പൊളിക്കാനുള്ള ജോലി തുടങ്ങിയെങ്കിലും രാത്രികാലത്ത് മാത്രം ജോലികൾ നടത്തിയതിനാൽ വൈകി.
ബസ്സ്റ്റാൻഡിന് വശത്തെ കെട്ടിടമായതിനാൽ അപകടസാധ്യത കണക്കിലെടുത്താണ് പകൽ സമയത്തെ ജോലികൾ ഒഴിവാക്കിയത്. മൂന്ന് നിലയുടെ ഉയരമുള്ള കെട്ടിടത്തിന്റെ ചുമരുകൾ ഇതിനകം പൊളിച്ചു മാറ്റി. കോണ്ക്രീറ്റ് ഇളകി അപകടാവസ്ഥയിലുള്ള തൂണുകളാണ് ഇനിയും ശേഷിക്കുന്നത്.
പെൻഷൻ വാങ്ങാനെത്തുന്നവരുടെ സൗകര്യത്തിനായി സബ്ട്രഷറിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന അലൂമിനിയം മേൽക്കൂര അപകടാവസ്ഥ പരിഗണിച്ച് പൊളിച്ചു മാറ്റിയിരുന്നു. കെട്ടിടം പൊളിക്കൽ വൈകുന്നതിനാൽ ഇത് പുനഃസ്ഥാപിക്കാനായില്ല.
കമ്യൂണിറ്റി ഹാളിനോട് ചേർന്ന വ്യാപാരകേന്ദ്രത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നഗരസഭാ ലൈബ്രറിയിലേക്കുള്ള പടിക്കെട്ടുകളിൽ കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞതോടെ ആർക്കും ലൈബ്രറിയിലേക്ക് കയറാനാകുന്നില്ല. കെട്ടിടം പൊളിക്കാൻ കരാറെടുത്തയാളും ഉപകരാറുകാരനും തമ്മിലുള്ള തർക്കമാണ് പണികൾ മുടങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്. അതേസമയം, മഴ കാരണമാണ് ജോലികൾ നിർത്തി വച്ചിരിക്കുന്നതെന്നാണ് ചെയർപേഴ്സണ് റ്റി.കെ.സതി പറയുന്നത്.