പന്തളം: പണയസ്വര്‍ണം തിരിമറി നടത്തിയെന്ന വിവാദത്തില്‍ പന്തളം സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ ഒരു ജീവനക്കാരനെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭരണസമിതി ഇതു നിഷേധിച്ചു.
സഹകരണ ബാങ്കിലെ ജീവനക്കാരന് 70 പവന് സ്വര്‍ണം അപഹരിച്ച് മറ്റൊരു ബാങ്കില്‍ പണയംവച്ച് ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം കഴിഞ്ഞ ദിവസം പണയ സ്വര്‍ണം എടുക്കാന്‍ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്.
സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തിയതായി പറയുന്നു. ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രി തന്നെ 35 പവന് സ്വര്‍ണം തിരികെ വയ്പിച്ചതായി പറയുന്നു.
തുടര്‍ന്ന് വരുംദിവസങ്ങളില്‍ സ്വര്‍ണം കൊണ്ട് എത്തിക്കുക എന്നതായിരുന്നു ഭരണസമിതി തീരുമാനം. ജീവനക്കാരനെതിരേ പരാതി നല്കാന് ഭരണസമിതി തയാറായിട്ടില്ല.
ശനിയാഴ്ച രാത്രി സ്വര്‍ണം തിരികെവച്ച സംഭവമില്ലെന്നും പരിശോധന നടന്നില്ലെന്നുമാണ് ബാങ്ക് പ്രസിഡന്റ് ഇ.ഫസില്‍ പറഞ്ഞത്. സിസിടിവി പരിശോധനയ്ക്കുവേണ്ടിയാണ് ബാങ്ക് തുറന്നത്.
സിപിഎം ഭരണത്തിലുള്ള ബാങ്കിലെ ജീവനക്കാരനും പാര്‍ട്ടി ബന്ധമുണ്ട്. നേരത്തെയും പല തിരിമറി ആരോപണങ്ങളും ബാങ്കിനെതിരേ ഉയര്‍ന്നിരുന്നു.
സ്വര്‍ണ തിരിമറിയുമായി ബന്ധപ്പെട്ട് പോലീസും പ്രാഥമിക വിവരശേഖരണം നടത്തിയെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ മടങ്ങി.
പന്തളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ സ്വര്‍ണ തിരിമറി വിവരങ്ങള്‍ പുറത്തറിഞ്ഞതിനു പിന്നാലെ ഇന്നു രാവിലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിനു മുമ്പില്‍ പ്രതിഷേധിച്ചു.
ഇതേത്തുടർന്നു സംഘർഷവുമുണ്ടായി.പ്രതിഷേധക്കാര്‍ പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും സഹകരണ ബാങ്കിന് പരാതിയില്ലാത്ത പക്ഷം കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
പോലീസും സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പ് നടത്തുന്നുവെന്നാണ് ആരോപണം.
നിലവില്‍ 10 പേരുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ബാങ്കില്‍ കാണാനില്ലെന്നും ഞായറാഴ്ച തന്നെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ബാങ്ക് തുറന്ന് സ്വര്‍ണാഭരണങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തി.