പന്തളം: വാട്സ് ആപ്പിൽ വിരലോടിച്ചിരുന്നവർ അത് വഴി കൂട്ടായി, അത് പിന്നെയൊരു കൂട്ടായ്മയുമായി. പന്തളം ന്യൂസ് എന്ന് പേരുമിട്ടു. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്തിരുന്ന കൂട്ടുകാർ, പിന്നെ കാരുണ്യത്തിന്റെ വഴിയെ നീങ്ങി. അർബുദം പിടികൂടിയ കുരന്പാലയിലെ കൊച്ചുമിടുക്കിക്ക് അവർ ചികിത്സാസഹായം സ്വരൂപിച്ച് നല്കിയത് ഒരു ലക്ഷത്തിലധികം രൂപയാണ്.
കേവലം അഞ്ച് ദിവസം കൊണ്ടാണ് ഈ തുക അവർ ശേഖരിച്ചത്. കൂട്ടായ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ഇതിൽ പങ്കാളികളായി. കുരന്പാല കോയിക്കൽ വടക്കേതിൽ ഷാജിയുടെ മകൾ എട്ടു വയസുകാരിയായ ഹൃദ്യയ്ക്ക് വേണ്ടിയാണ് അവർ പണം സ്വരൂപിച്ചത്.
ഹൃദ്യയയുടെ വീട്ടിലെത്തി അവർ സഹായം കൈമാറി. അടുത്ത കാലത്താണ് പന്തളം ഗ്രൂപ്പ് എന്ന നവമാധ്യമ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നത്. രാഷ്ട്രീയമാണ് ചർച്ച ചെയ്ത് തുടങ്ങിയതെങ്കിലും, അതിന്റെ അതിപ്രസരം കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങൾ തന്നെ സ്വയം നിയന്ത്രിച്ചു.
പിന്നെ, പ്രദേശത്തിന്റെ വികസനമായി വിഷയം. ഒട്ടേറെ കാര്യങ്ങളിൽ പരിഹാരവും കാണാനായി. ഹൃദ്യയുടെ രോഗവിവരമറിഞ്ഞതോടെ ജീവകാരുണ്യം മുഖ്യവിഷയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ടവരും പ്രവാസികളും ഈ കൂട്ടായ്മയിൽ സജീവമാണ്. നന്മയുടെ വഴികളിലൂടെ വേറിട്ടതാവുകയാണ് ഈ നവമാധ്യമ കൂട്ടായ്മ.