പത്തനംതിട്ട: സ്ത്രീപീഡനം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ച വിദ്യാർഥി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞു. പോലീസ് കെട്ടിചമച്ച കേസിനെ തുടർന്ന് മാനസികമായി തകർന്ന പന്തളം മങ്ങാരം നെടുങ്ങോട്ടുവീട്ടിൽ മെബിൻ ഷാജി (19) ക്കാകട്ടെ മാനഹാനി ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.
പാതിവഴിയിൽ പഠനവും ഉപേക്ഷിച്ച് മാനസീകമായി തകർന്ന മെബിൻ നിരവധി കൗണ്സിലിംഗുകൾക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിജസ്ഥിതി തെളിഞ്ഞത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് രൂപം കൊടുത്ത ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പന്തളത്ത് ഒരു വീട്ടിൽ അനധികൃതമായി കയറി വീട്ടമ്മയുടെ ചിത്രങ്ങൾ പകർത്തിയെന്നും ഭീഷണിപ്പെടുത്തി ആക്രമിച്ചെന്നും ആരോപിച്ചാണ് മെബിനെതിരെ പന്തളം പോലീസ് കേസെടുത്തത്. എന്നാൽ കേസുമായി തനിക്ക് ബന്ധമില്ലെന്ന് മെബിൻ പറഞ്ഞു. മെബിന്റെ ഫോണിൽ നിന്നു യാതൊരു തെളിവുകളും ലഭിച്ചിരുന്നതുമില്ല.
ക്രൂരമായ മർദനവും ഭീഷിയണിയും സഹിക്കേണ്ടിവന്നിട്ടും ചെയ്യാത്ത കുറ്റം തന്റെ മേൽ ആരോപിക്കുകയാണെന്ന നിലപാടിൽ മെബിൻ ഉറച്ചുനിന്നു. ഫ്രീക്കൻ സ്റ്റൈലിൽ മുടി വെട്ടിയ വെളുത്ത നിറവും കൈയിൽ ബ്രെസ് ലെറ്റും ചരടും ഉള്ള യുവാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള നിഗമനത്തെ തുടർന്നാണ് പോലീസ് മെബിനെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കഞ്ചാവ് മാഫിയായി ഉൾപ്പെട്ട വ്യക്തിയുമാണെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ ഒരു കേസിൽ പോലും പ്രതിയാകാത്ത വ്യക്തിയാണ് മെബിൻ. കൂടാതെ ലഹരി വസ്തുക്കൾ ഒന്നും ഉപയോഗിക്കുന്ന ശീലവും മെബിനില്ലെന്ന് നാട്ടുകാർ പറഞ്ഞിട്ടും ഫലമുണ്ടായില്ല.
അകാരണമായി മെബിനെ അറസ്റ്റുചെയ്ത നടപടിക്കെതിരെ അന്ന് നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് മുട്ടാർ ജംഗ്ഷനിൽ പ്രതിഷേധയോഗവും ഒപ്പുശേഖരണവും നടത്തിയിട്ടും പോലീസ് കുലുങ്ങിയില്ല.ഇതിനിടെ തെളിവ് നൽകണമെന്നാവശ്യപ്പെട്ട് പോലീസ് മെബിന്റെ കൂട്ടുകാരെയും ഭീഷണിപ്പെടുത്തി. മാപ്പുസാക്ഷിയാക്കാമെന്നും അല്ലെങ്കിൽ പോക്സൊ കേസിൽപ്പെടുത്തുമെന്നും പേലീസ് പറഞ്ഞെങ്കിലും ആരും മെബിനെതിരെ ആരോപണവുമായി രംഗത്തെത്തിയില്ല.
പോലീസ് അറസ്റ്റുചെയ്യുന്ന വ്യക്തിയെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന് നിയമം അനുശാസിക്കുന്പോൾ മെബിനെ അടൂർ കോടതിയിൽ എത്തിച്ചത് 48 മണിക്കൂറിനുശേഷം 21ന് വൈകുന്നേരം മാത്രമായിരുന്നുവെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളായ രത്നമണി സുരേന്ദ്രനും രക്ഷാധികാരി എം.ബി. ബിനുകുമാറും പറയുന്നു.
14 ദിവസത്തെ റിമാൻഡിനു ശേഷം മെബിൻ ജമ്യത്തിൽ ഇറങ്ങിയതോടെ മാതാവ് സൂസമ്മ ഷാജി സംസ്ഥാന പോലീസ് മേധാവി, പന്തളം സിഐ എന്നിവർക്ക് പരാതി നൽകി. പന്തളം എസ്ഐയുടെ നടപടി നീതിരഹിതമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഒടുവിൽ പോലീസ് ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മെബിൻ ഇതുവരെ യാതൊരുവിധ കുറ്റകൃത്യത്തിലും അകപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സി.ആർ. പ്രമോദ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
മെബിനെ അകാരണമായി അറസ്റ്റുചെയ്ത മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യം. നിരപരാധികളെ പീഡിപ്പിക്കുന്ന പോലീസുകാർക്ക് ഇതൊരു പാഠമാകണമെന്നും അവർ ആവശ്യപ്പെട്ടു.