പന്തളം: ഒരു സിഐയുടെ ഒഴിവുണ്ട്, അസാമാന്യ ധൈര്യവും സ്ഥലംമാറ്റത്തിന് എപ്പോഴും തത്പരരുമായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്ന മട്ടിൽ ഒരു പരസ്യം കണ്ടാൽ ഞെട്ടരുത്. സംഭവം സത്യമാണ്. പന്തളം പോലീസ് സ്റ്റേഷനിലെ സ്ഥിതി അതാണ്. ഇരട്ടി ശന്പളം നല്കാമെന്ന് പറഞ്ഞാൽ പോലും ആരും ഈ സാഹസത്തിന് തയാറല്ലത്രെ!
ഇവിടെ ചുമതലയുണ്ടായിരുന്ന സിഐ ആർ.സുരേഷിനെ ഓഗസ്റ്റ് അഞ്ചിനാണ് സസ്പെൻഡ് ചെയ്തത്. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെന്നതായിരുന്നു അദ്ദേഹത്തിനെതിരായ നടപടിയുടെ മൂലകാരണം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി മുതൽ ഐജി വരെ ഇടപെട്ടാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാചരണത്തിൽ മുഖ്യമന്ത്രിയിൽനിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ സ്വീകരിക്കാനിരുന്നതാണ് അദ്ദേഹം. അതുകൊണ്ടു തന്നെ, അതിനു മുന്പ് സസ്പെൻഷൻ പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഒരു മാസം പിന്നിട്ടിട്ടും സസ്പെൻഷൻ തുടരുകയാണ്. സുരേഷ് സസ്പെൻഷനിലായതോടെ കോന്നി സിഐ ഉമേഷ്ബാബുവിനാണ് ചുമതല നല്കിയിരുന്നത്.
പഴി കേൾക്കാതിരിക്കാൻ വല്ലപ്പോഴും ഒന്നു വന്നു പോവുന്നതൊഴിച്ചാൽ താത്കാലിക ചുമതല പോലും വഹിക്കാൻ അദ്ദേഹത്തിനും താത്പര്യമില്ലത്രെ. സിഐമാരായ പി. ശ്രീകുമാർ, ജി. സന്തോഷ്കുമാർ, ബാബുക്കുട്ടൻ തുടങ്ങിയവരുടെ പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ പോയിട്ടും പന്തളത്തേക്ക് ഇല്ലേയില്ലെന്ന നിലപാടിലാണ് ഇവരെല്ലാവരുമെന്നറിയുന്നു. പന്തളം പോലീസ് സ്റ്റേഷന്റെ പ്രാധാന്യം കൂടി പരിഗണിച്ച് സിഐയുടെ നിയമനം അത്യന്താപേക്ഷിതമാണെങ്കിലും ഇക്കാര്യത്തിൽ വഴി തെറ്റിയ അവസ്ഥയിലാണ് ആഭ്യന്തര വകുപ്പ്.