പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവിനെ ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി.
പന്തളം, പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിച്ചു വന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത-42) കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ദാലുംമുഖം പോസ്റ്റില്‍ തുടലി ബി. എസ് ഭവനില്‍ എസ്.എല്‍. ഷൈജു (32) വിനെയാണ് പന്തളം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ 10 ന് രാത്രിയായിരുന്നു കൊലപാതകം. തുടർന്ന് മൊബൈല്‍ഫോണും ഓഫാക്കി മുങ്ങുകയായിരുന്നു. രണ്ടു മക്കളുള്ള സജിത തിരുവല്ലയിലെ ഒരു കടയില്‍ ജോലി ചെയ്യുമ്പോഴാണ് രണ്ടു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് മുഖേനെ ഷൈജുവിനെ പരിചയപ്പെട്ടത്.
തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം താമസമാക്കി. ഷൈജുവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതിനേ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കിയത്.
അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. ഡാന്‍സാഫ് സംഘത്തിനെയും ഉള്‍പ്പെടുത്തി വ്യാപിപ്പിച്ച അന്വേഷണത്തില്‍ വിവിധ പ്രദേശങ്ങളിലെ സിസി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചശേഷം അടുപ്പത്തിലാവുകയും, പിന്നീട് അവര്‍ക്കൊപ്പം താമസിക്കുകയും സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് ഷൈജുവിന്റെ രീതിയെന്നു പോലീസ് പറഞ്ഞു.
ബംഗളുരുവിലുള്ള ബന്ധുക്കളുടെ സഹായം തേടിയാണ് ഷൈജു അവിടെയെത്തിയതെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ബംഗളുരുവിലെത്തിയ പോലീസ് സംഘം പിന്തുടരുന്നു
ണ്ടെന്ന തോന്നലില്‍ പ്രതി മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറില്‍ വച്ച് ഡാന്‍സാഫ് എസ്.ഐ അജി സാമൂവല്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളിതാഴെയിട്ട ശേഷം വെട്ടിച്ചോടി.
പോലീസ് ഇന്‍സ്പെക്ടര്‍, സിപിഒമാരായ അന്‍വര്‍ഷാ, അമീഷ് എന്നവര്‍ കൂടിചേര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ സാഹസികമായി കീഴ്പ്പെടുത്തുകയാണുണ്ടായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ മുപ്പതോളം സ്ത്രീകളുമായി പരിചയപ്പെട്ട് ഇത്തരത്തില്‍ ചൂഷണം നടത്തിയതായി സംശയിക്കുന്നു.
വിദേശത്ത് കേസില്‍പെട്ട് രണ്ടുമാസം തടവ് ശിക്ഷ അനുഭവിച്ചതായി ഇയാൾ പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളും പരാതികളും നിലവിലുള്ളതായി പറയുന്നു.