വടക്കഞ്ചേരി: കുടിവെള്ളം എത്തിക്കാന്‍ പണമില്ലാതെ പന്തലാംപാടത്തിനടുത്തെ രക്കാണ്ടിയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വറുതിയുടെ പടുകുടിയില്. കോളനിയില്‍ വെള്ളമില്ലാത്തതിനാല്‍ വന്‍വിലകൊടുത്ത് ദൂരസ്ഥലങ്ങളില്നിന്നാണ് ഇവര്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നത്.
അഞ്ഞൂറു ലിറ്റര്‍ വെള്ളം എത്തിക്കാന്‍ 350 രൂപ വാഹനത്തിനു ചെലവുവരുന്നതായി കോളനിയിലെ സ്ത്രീകള്‍ പറഞ്ഞു. വെള്ളം വാങ്ങാന്‍ പണമില്ലെങ്കില്‍ കുളിയും തുണികഴുകലും ഒഴിവാക്കി കക്കൂസിലേക്കും അടുക്കളയിലേക്കും അത്യാവശ്യം വേണ്ട വെള്ളം ഉപയോഗിച്ച് കഴിഞ്ഞൂകൂടുകയാണ് ഇവര്‍.
അഞ്ഞൂറുലിറ്റര്‍ വീതം ആഴ്ചയില്‍ മൂന്നോ നാലോതവണ വെള്ളം എത്തിച്ചാല്‍ മാത്രമേ പ്രാഥമികാവശ്യങ്ങള്‍ നടക്കൂ. എന്നാല്‍ അതിനുള്ള വരുമാനം കുടുംബങ്ങള്‍ക്കില്ല. കാട്ടില്‍നിന്നും തോട്ടങ്ങളില്‍നിന്നും പച്ചമരുന്നുകള്‍ ശേഖരിച്ച് വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവര്‍ക്കുള്ളത്.
ജലക്ഷാമംമൂലം തുണികഴുകലും കുളിയും ഇല്ലാതായതോടെ കുട്ടികളില്‍ ചൊറിയും മറ്റു ത്വക്ക് രോഗങ്ങളും പിടിപെടുന്നുണ്ട്. എണ്ണൂറുമീറ്റര്‍ ചുറ്റളവില്‍ 25 ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇതില്‍ 12 വീടുകള്‍ ഒരേസ്ഥലത്തും മറ്റു 13 വീടുകള്‍ ഒറ്റയ്ക്കും രണ്ടും മൂന്നും വീടുകളായുമാണുള്ളത്.
കോളനിയിലേക്കെന്ന് പറഞ്ഞ് പല കുടിവെള്ളപദ്ധതികളും നടപ്പിലാക്കിയെങ്കിലും ഒന്നും ഫലവത്തായില്ലെന്നാണ് പരാതി. രാഷ്ട്രീയകളികളും ഈ ദരിദ്രവിഭാഗത്തെ ബുദ്ധിമുട്ടിക്കുന്നു. കോളനിയില്‍നിന്നും ഒരു കിലോമീറ്റര്‍ മാറി ചെറുകുളത്ത് ബോര്‍വെല്‍ കുഴിച്ച് പൈപ്പിട്ടെങ്കിലും ഉയരക്കൂടുതലുള്ള കോളനിയിലേക്ക് വെള്ളമെത്തിയില്ല.
ഇതിനിടെ മോട്ടോര്‍ കേടുവന്നും കറന്റ് ബില്ലിന്റെ കുടിശിക കൂടിയും ജലവിതരണം നിലച്ചു. പിന്നീട് പഞ്ചായത്തംഗം ജോസ് ഇടപെട്ട് ടാങ്കറില്‍ വെള്ളം എത്തിക്കുകയായിരുന്നെന്ന് ഊരുമൂപ്പന് ശിവന് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍ ഇപ്പോള്‍ കോളനിയില്‍നിന്നും ഒന്നരകിലോമീറ്ററോളം താഴെയായി പുതിയ ബോര്‍വെല്‍ കുഴിച്ചിട്ടുണ്ട്.
ഒന്നരകിലോമീറ്ററില്‍ 240 മീറ്റര്‍ മാത്രം ദൂരത്തില്‍ സ്ഥാപിക്കാനുള്ള പൈപ്പു മാത്രമേയുള്ളൂ. കൂടുതല്‍ ഫണ്ടില്ലാത്തതിനാല്‍ നിലവിലുള്ള പഴയ പൈപ്പിലേക്ക് കണക്ട് ചെയ്ത കോളനിയിലേക്ക് വെള്ളം എത്തിക്കാനാണ് ശ്രമം നടക്കുന്നതെന്ന് മെംബര്‍ ജോസ് പറഞ്ഞു.
എന്നാല്‍ ഇരുപതുവര്‍ഷത്തോളം പഴക്കമുള്ള പൈപ്പിലൂടെ ജലവിതരണം പ്രായോഗികമല്ലെന്നും പൈപ്പിനായി കൂടുതല്‍ ഫണ്ട് അനുവദിച്ച് വെള്ളം കോളനിയിലെത്തിക്കാന്‍ നടപടിവേണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.