ന്യൂഡൽഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ട്രസ്റ്റിന്റെ 40 ശതമാനം ഉത്പന്നങ്ങൾ ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടവയെന്നു രേഖകൾ. ഹരിദ്വാറിലെ ആയുർവേദ യുനാനി ഓഫീസിൽനിന്നുള്ള വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2013ലും 2016ലും നടത്തിയ സാന്പിൾ പരിശോധനകളിൽ 82ൽ 32 എണ്ണവും പരാജയപ്പെട്ടവയാണെന്നും രേഖ വ്യക്തമാക്കുന്നു. പതഞ്ജലിയുടെ ദിവ്യ ആംല ജൂസ്, ശിവലിംഗ് ബീജ് തുടങ്ങിയവ അടക്കമുള്ള ആയുർവേദ ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതഞ്ജലിയുടെ നെല്ലിക്ക ജൂസ് എന്ന ആംല ജൂസ് നേരത്തെ സൈനിക കാന്റീനിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പതഞ്ജലിയുടെ 33 ഉത്പന്നങ്ങളിൽ 25 എണ്ണവും ഇല്ലാത്ത അവകാശവാദങ്ങൾ പറയുന്നതാണെന്നും പരസ്യങ്ങൾ കൂടുതലും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കേന്ദ്ര പരസ്യ നിരീക്ഷണ സമിതിയായ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗണ്‍സിൽ ഓഫ് ഇന്ത്യ (എഎസ്സിഐ) കണ്ടെത്തിയിരുന്നു.