ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തയം വച്ച് ലഭിച്ച തുക വൃക്ക മാറ്റിവെയ്ക്കലിന് വിധേയനാകുന്ന സുഹൃത്തിന് നൽകി മൂന്ന് പേർ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നിയാസ് മലബാറി, ബഷീർ എടപ്പാൾ, കെ.എ. അഷ്ക്കർ എന്നീ യുവാക്കളാണ് പന്തയത്തിലേർപ്പെട്ടത്.
വടകരയിൽ ജയരാജൻ തോൽക്കുമെന്ന് ബഷീർ എടപ്പാൾ പറഞ്ഞപ്പോൾ ജയിക്കുമെന്ന് അഷ്ക്കർ വാദിച്ചു. ഒരു ലക്ഷം രൂപയാണ് ഇവർ പന്തയം വച്ചത്. കാസർഗോഡ് ഉണ്ണിത്താൻ ജയിക്കുമെന്ന് നിയാസ് വാദിച്ചു. എന്നാൽ ഇത് എതിർത്ത അഷ്ക്കർ നിയാസുമായി ഇരുപത്തി അയ്യായിരം രൂപയ്ക്ക് പന്തയം വച്ചു.
തുടർന്ന് രണ്ട് പന്തയത്തിലും തോറ്റ അഷ്ക്കർ ഒന്നേകാൽ ലക്ഷം രൂപ നൽകി വാക്കു പാലിച്ചപ്പോഴാണ് ഇവരുടെ സുഹൃത്തായ കെഎസ്യു പ്രവർത്തകൻ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി പണം നൽകാമെന്ന് മൂവരും തീരുമാനിച്ചത്. എന്നാൽ ഈ തുക മതിയാകില്ലെന്നും ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് നിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.