കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതി മൊഴി നൽകിയ ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്.
കൊച്ചിയിൽ ഇന്നലെ രാത്രിയോടെ എത്തിയ യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
ഭർത്താവിനെതിരെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും യുവതി മജിസ്ട്രേറ്റിനോടും ആവശ്യപ്പെട്ടു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ പോലീസ് വിട്ടയച്ചു.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി ഡൽഹിയിൽ നിന്ന് വിമാന മാർഗം യുവതിയെ കൊച്ചിയിൽ എത്തിച്ചത്.
വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ഭർത്താവിനെതിരേ ഗാർഹിക പീഡന പരാതി നൽകിയെന്നാണ് യുട്യൂബ് ചാനലിലൂടെ യുവതി വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴിമാറ്റിയതെന്ന് വീട്ടുകാരുടെ ആരോപണം.