കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലന്റെ അമ്മയ്ക്കും സഹോദരിക്കും മുഖ്യപങ്കുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ മുന്നോടിയായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 27-നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗണിക്കുന്നത്.മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉഷാകുമാരി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പന്തീരാങ്കാവ് പുന്നയൂര്‍കുളം സ്നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരാണ് മൂന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിട്ടുള്ളത്.
ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. അമ്മയും മകളും തന്നെ മര്ദിക്കുന്നതിനുവേണ്ടി ഭര്‍ത്താവ് രാഹുലിനു കൂട്ടുനിന്നതായി യുവതി പോലീസില്‍ മൊഴി നല്‍കിയുന്നു. ക്രൂരമായി മര്‍ദിച്ച ദിവസം മര്ദനത്തിനുമുമ്പ് രാഹുലും അമ്മയും ഏറെസമയം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു.
ഉഷാകുമാരിക്കും കാര്ത്തികയ്ക്കുമെതിരേ സ്ത്രീധനപീഡനകുറ്റം കൂടി ചുമത്തിയ സാഹചര്യത്തിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി എത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാണ്.കൂട്ടിരിക്കുന്നത് കാര്‍ത്തികയാണ്.
ആശുപത്രി വിടാത്തതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്യുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ കേസില്‍ നാലു പ്രതികളാണുള്ളത്. ഭര്‍ത്താവ് രാഹുല്‍ പി.ഗോപലാനാണ് ഒന്നാം പ്രതി.ഉഷാകുമാരിയും കാര്‍ത്തികയും രണ്ടും മൂന്നും പ്രതികളും. രാഹുലിനെ ജര്‍മനിയിലേക്ക് കടക്കാന്‍ ഒത്താശ ചെയ്ത സുഹൃത്ത് രാജേഷാണ് നാലാം പ്രതി. രാഹുലിന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ പന്തീരാങ്കാവ് പോലീസ് സ്േറ്റഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനെ അഞ്ചാം പ്രതിയാക്കുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്.
രാഹുലിനെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ കേസായതിനാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.