കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു.
ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.