കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് സഹകരണ ബാങ്കില്‍ ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ആക്ഷേപം. വിവിധ ഇനങ്ങളിലായി 1,47,24,538 രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലുള്ളത്. ഭരണസമിതിയുടെ വാദം കേള്‍ക്കുന്നതിനായി ജോ. രജിസ്ട്രാര്‍ സമയം അനുവദിച്ചിട്ടുണ്ട്.
ബാങ്കിന്റെ നവീകരണ പ്രവൃത്തിക്ക് വേണ്ടി വകുപ്പിന്റെ അനുമതിയില്ലാതെ 36,76,725 രൂപ ചെലവഴിച്ചിരുന്നു. ഇത് സഹകരണ നിയമം ചട്ടം 54ന് വിരുദ്ധമാണ്. സ്വര്‍ണലേലത്തില്‍ ബാങ്കിന് 89,39,068 രൂപയുടെ നഷ്ടം വന്നു.
കൂടാതെ രണ്ട് ജീവനക്കാരുടെ സ്വര്‍ണപണയത്തില്‍ 8,41,458 രൂപയും അഞ്ച് മൈക്രോ എടിഎം മെഷീനുകളും സോഫ്റ്റ്വെയറും വാങ്ങിയതില്‍ പൊതുഫണ്ടില്‍നിന്ന് 6,39,523 രൂപയും കൈമ്പാലത്ത് ശാഖ തുടങ്ങാന്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം വാടകയ്ക്ക് എടുത്തതില്‍ 3,50,000 രൂപ അഡ്വാന്‍സ് നല്‍കിയതിലും വാടകയിനത്തില്‍ 2,77,764 രൂപ നല്‍കിയതിലും തിരിമറി നടന്നതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ മൂന്ന് മെമ്പര്‍മാര്‍ക്ക് നിയമവിരുദ്ധമായി വായ്പ അനുവദിച്ചു.
ഒരു മെമ്പര്‍ക്ക് അനുവദിക്കാവുന്നത് പരമാവധി 50 ലക്ഷമാണ്. എന്നാല്‍ മൂന്ന് മെമ്പര്‍മാര്‍ക്കും ഇതില്‍ കൂടുതല്‍ വായ്പ അനുവദിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍ ഒരാള്‍ യാതൊരുവിധ തിരിച്ചടവും നടത്തിയിട്ടില്ല. ഇതും ബാങ്കിന് നഷ്ടം വരുത്തി. ബാങ്ക് ജീവനക്കാരുടെ അടുത്ത ബന്ധുക്കളായ മൂന്നുപേര്‍ക്ക് വിവിധ കാലയളവില്‍ 7,30,000 രൂപ നല്‍കിയതായും കണ്ടെത്തി.
ഈ വായ്പകള്‍ക്കും തിരിച്ചടവുണ്ടായിട്ടില്ല. ഇത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഗുരുതര വീഴ്ചയായിട്ടാണ് സഹകരണ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുഫണ്ട് വിനിയോഗത്തിലും ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്.
2017-18ലെ ഓഡിറ്റ് പ്രകാരം പലിശയിനത്തില്‍ 47.68 ശതമാനം കുടിശ്ശികയാണ്. കോണ്‍ഗ്രസിലെ പി.എം. ചന്ദ്രന് പ്രസിഡന്റായും ബിജെപിയിലെ ആനന്ദന് വൈസ് പ്രസിഡന്റായുമുള്ള ഭരണസമിതിയാണ് വര്‍ഷങ്ങളായി ബാങ്ക് ഭരിക്കുന്നത്.