കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ നവവധു മുന്പു നൽകിയ മൊഴികൾ പൂർണമായും മാറ്റിപറയുകയും പ്രതിയായ ഭർത്താവിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് നവവധുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞും പ്രതിയുടെ ഉദേശശുദ്ധിയിൽ സംശയിച്ചും.
പരാതിയില്ലെന്നും കാര്യങ്ങൾ പറഞ്ഞുതീർത്തുവെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരിയും പ്രതിയും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പോലീസ് തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. രാഹുൽ മദ്യപാനിയാണെന്നും ഒരുമിച്ച് ജീവിച്ചാൽ ഇനിയും പീഡനമുണ്ടാകുമെന്നും പരാതിക്കാരിയെ രാഹുൽ ഭീഷണിപ്പെടുത്തി സത്യവാംഗ്മൂലം തയാറാക്കിച്ചതാണെന്നും പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
നവവധു മുന്പ് കോടതിക്കു നൽകിയ രഹസ്യമൊഴിയും അവരുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഒന്നാം പ്രതിയായ രാഹുലിന് എതിരാണ്. അതിനു ശേഷമാണ് നാടകീയമായി നവവധു സാമൂഹിക മാധ്യമങ്ങളിലൂടെ, താൻ നേരത്തെ നൽകിയ മൊഴി കള്ളമാണെന്നും വീട്ടുകാരുടെ സമ്മർദം പ്രകാരമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും ആവർത്തിച്ചത്.
പരാതിക്കാരിയുടെ ആദ്യ വെളിപ്പെടുത്തൽ വന്നതോടെ മകളെ തട്ടിക്കൊണ്ടുപോയി രാഹുൽ ഭീഷണിപ്പെടുത്തി അങ്ങനെ പറയിപ്പിച്ചതാണെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ഇതിനു പിന്നാലെ പിതാവിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു വീണ്ടും പരാതിക്കാരി സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുലുമായി ഒരുമിച്ച് ജീവിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ആദ്യ പരാതിയും ഇതുസംബന്ധിച്ച മൊഴികളും രേഖകളും, പിന്നീട് പരാതിക്കാരിയും പ്രതിയും ചേർന്നു നൽകിയ സത്യവാംഗ്മൂലവും പോലീസ് റിപ്പോർട്ടും പരിശോധിച്ച് ഹൈക്കോടതി എന്തു തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.
താൻ മുന്പു നൽകിയ മൊഴികൾ കളവാണെന്നും വീട്ടുകാരുടെ സമ്മർദവും ഭീഷണിയും കാരണമാണ് മജിസ്ട്രേറ്റിനു രഹസ്യമൊഴി നൽകിയ വേളയിൽ പോലും കളവു പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ ഹൈക്കോടതി കേസ് ക്വാഷ് ചെയ്യാനാണ് സാധ്യതയെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ കേസിന്റെ വിചാരണാ വേളയിൽ, പരാതിക്കാരിയുടെ കൂറുമാറ്റം കേസിനെ ബാധിക്കും. കേസ് തള്ളിപ്പോകും. പരാതിക്കാരിയുടെ മൊഴിമാറ്റത്തിനു പിന്നിൽ സമ്മർദമുണ്ടായാലും ഇല്ലെങ്കിലും ബോധപൂർവം അവർ നൽകുന്ന മൊഴിയാണ് കോടതി വിശ്വാസത്തിലെടുക്കുകയെന്ന കാര്യവും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. തെറ്റ് തിരുത്തി ഒരുമിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കോടതിക്ക് കണക്കിലെടുക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴേക്കുമാണ് ഇരുവരുടെയും ദാന്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇവർ ഒരുമിച്ചു ജീവിച്ചാൽ ഇനിയും പ്രശ്നങ്ങളുണ്ടാകുമെന്ന മുൻവിധിയോടെ കോടതി തീരുമാനമെടുക്കാൻ സാധ്യതയില്ലെന്നാണ് അഭിഭാഷകരുടെ നിഗമനം. അതിനിടെ മൊഴികൾ പലതവണ മാറ്റിപ്പറഞ്ഞതിലൂടെ വിവാദമായ ഈ കേസിൽ, നവവധു വീണ്ടും മൊഴി മാറ്റിയാലും അത് പ്രതികൾക്ക് അനുകൂലമാകുമെന്ന ആശങ്കയുമുണ്ട്.
പരാതിക്കാരി ഒരിക്കലും മൊഴിയിൽ ഉറച്ചുനിൽക്കാറില്ലെന്നും മനോനിലയിൽ സംശയമുണ്ടെന്നതടക്കമുള്ള വാദങ്ങളും പ്രതികൾക്ക് ഉന്നയിക്കാനാകുമെന്നും അഭിഭാഷകർ വിലയിരുത്തുന്നു.