പറവൂർ: പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ യുവതി ഡൽഹിയിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് യുവതിയെ തിരികെയെത്തിക്കാൻ പോലീസ് ശ്രമമാരംഭിച്ചു. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വടക്കേക്കര പോലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് യുവതി നിലവിൽ ഡൽഹിയിലുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്.
ഈ സംശയം ബന്ധുക്കളും പോലീസിനോടു പറഞ്ഞിരുന്നു. യുവതി ബന്ധുവിനയച്ച വാട്സാപ് സന്ദേശം പിന്തുടർന്നാണു പോലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. യുവതിയെ കണ്ടെത്തി തിരികെക്കൊണ്ടുവരാനുള്ള നടപടികൾ അന്വേഷണസംഘം കൈക്കൊണ്ടുവരികയാണ്. ഇതിനായി സംഘാംഗങ്ങൾ വൈകാതെ ഡൽഹിക്ക് തിരിക്കും.
ഇതിനിടയിൽ യുവതി യൂട്യൂബ് ചാനലിലൂടെ തുടർച്ചയായി ഭർത്താവ് രാഹുലിന് അനുകൂലിച്ചും. സ്വന്തം വീട്ടുകാർക്ക് എതിരായും വീഡിയോ സന്ദേശങ്ങൾ പുറത്തുവിടുന്നുണ്ട്. താൻ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നും ഇതു തെളിയിക്കാൻ നുണ പരിശോധനയ്ക്കു തയാറാണെന്നും യുവതി പറയുന്നു.
തന്നെ ആരും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നു മാറി നിൽക്കുന്നതാണെന്നും യുവതി ആവർത്തിച്ചു. നുണപരിശോധനയ്ക്കു തന്റെ മാതാപിതാക്കൾ തയാറാണോ എന്നും യുവതി ചോദിക്കുന്നുണ്ട്. വീട്ടിൽ നിന്നാൽ സത്യം തുറന്നു പറഞ്ഞു വിഡിയോ ഇടാൻ പറ്റില്ലെന്നും അതു കൊണ്ടാണു മാറിനിൽക്കുന്നതെന്നുമാണ് യുവതിയുടെ വിശദീകരണം.
വീട്ടിൽനിന്നു തിരുവനന്തപുരത്തെത്തി തൊട്ടടുത്ത ദിവസം തന്നെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരുന്നുവെന്നും യുവതി പറയുന്നു. തന്നെ രാഹുൽ ചാർജർ കേബിൾ വച്ച് കഴുത്തു ഞെരിച്ചുവെന്നു പറഞ്ഞതു കള്ളമാണ്. കഴുത്തിലുള്ളതു ജന്മനാ ഉള്ള പാടാണ്. കൈയിൽ ഉണ്ടായിരുന്ന പരുക്കു റിസപ്ഷൻ പാർട്ടിക്കു ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണെന്നും ഇതാണു മർദിച്ചതായി കാണിച്ചതെന്നും അന്നു തനിക്കു പക്വമായ നില പാടെടുക്കാൻ കഴിഞ്ഞില്ലെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.