കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാല് മുങ്ങി. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോയി.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കും. ഏറെ വിവാദമുയര്‍ത്തിയ ഈ കേസില്‍ പ്രധാന പ്രതികളിലാരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെല്ലാം പോലീസിന്റെ സഹായത്താല്‍ സുഖമായി കഴിയുകയാണ്.
കേസിലെ ഒന്നാം പ്രതി പന്തീരാങ്കാവ് പുന്നയൂര്‍കുളം വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ചതിനാണ് സീനിയര്‍ സിപിഒ ശരത്ലാലിനെ സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇയാള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം നോട്ടീസ് നല്‍കിയിരുന്നു.
അറസ്റ്റ് ഭയന്ന് ഇയള് ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ശരത്ലാലിനെതിരേ ഉയര്‍ന്നിട്ടുള്ളത്.രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇരുവരും ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് മുങ്ങിയിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 27ന് േകാടതി പരിഗണിക്കുന്നുണ്ട്.
അതേസമയം, കേസ് ഒത്തുതീര്‍ക്കുന്നതിനു രാഹുല്‍ നീക്കം തുടങ്ങി. ജര്‍മനിയിലേക്ക് കടന്ന രാഹുല്‍ പല തവണ യുവതിയുടെ അമ്മയെ ഫോണില്‍ വിളിച്ചു. എന്നാല്‍ ഇവര്‍ ഫോണ്‍ എടുത്തില്ല. കേസ് ഒത്തുതീര്‍ക്കുന്നതിനു തയറാല്ലെന്ന് യുവതിയുടെ പിതാവ് കോഴിക്കോട്ട് പറഞ്ഞു.
നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെയാണ് യുവതി മൊഴി നല്കിയയത്. പിതാവ്, പിതൃസഹോദരന്, മാതാവ് എന്നിവര്‍ക്കൊപ്പമാണ് യുവതി കോടതിയില്‍ എത്തിയത്.