സ്വന്തം ലേഖകൻ
കോഴിക്കോട്: ഇവൻ പുലിയാണ് കേട്ടോ… കോഴിക്കോട് മിഠായിത്തെരുവിൽ കട കത്തിയമരുന്പോൾ ആശ്വാസമായി എത്തിയ വിമാനത്താവള അഗ്നിശമന സേനാവിഭാഗത്തിന്റെ പാന്തർ എന്ന വാഹനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 25 മിനിറ്റു കൊണ്ടെത്തിയ റോസെൻ ബൗവ്വർ പാന്തർ എന്ന വാഹനമാണ് ഇന്നലെ നഗരത്തിലെ ശ്രദ്ധാകേന്ദ്രമായത്. 80 മീറ്റർ വരെ ഉയരത്തിൽ വെള്ളം ചീറ്റാൻ കഴിയുന്ന വാഹനമാണിത്. മിനിറ്റിൽ 4000 ലിറ്റർ വെള്ളം ചീറ്റാൻ കഴിയുന്നു എന്നതാണ് പ്രധാന പ്രത്യേകത. എട്ടുകോടിയോളം വിലവരും.
വിമാനങ്ങളിൽ തീപിടിത്തമുണ്ടാകുന്പോൾ രണ്ടുമിനിറ്റിനുള്ളിൽ തീയണയ്ക്കുക എന്നതാണ് ഇവരുടെ ദൗത്യം.അതിനു പറ്റുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് വാഹനത്തിലുള്ളത്. വളരെ അടിയന്തരമായ സാഹചര്യത്തിൽ മാത്രമേ ഈ വാഹനം എയർപോർട്ട് പരിധിവിട്ട് പുറത്തേക്ക് കൊണ്ടുപേകാറുള്ളു. ഇന്നലെ തീപിടിത്തമുണ്ടായപ്പോൾ എം.കെ.രാഘവൻ എംപി ഇടപെടുകയും ജില്ലാ കളക്ടർ, ആർഡിഒ എന്നിവരുടെ പ്രത്യേക അനുമതിയോടുകൂടി വാഹനം വിട്ടുതരാൻ അഭ്യർത്ഥിക്കുകയുമായിരുന്നു.
ഇൻഷുറൻസ്, നികുതി എന്നിവയൊന്നുമില്ലാത്തതാണ് സാധാണ വാഹനത്തെപോലെ റോഡിലിറക്കാൻ കഴിയാത്തതിനു കാരണം. ഓസ്ട്രിയൻ കന്പനിയിൽനിന്നും ഇറക്കുമതിചെയ്ത വാഹനമാണിത്. ഇതിന്റെ മുൻ ഭാഗം ഹെലികോപ്റ്ററിലേതുപോലെ ഡിസൈൻ ചെയ്ത ഫയർ പ്രൂഫ് ഗ്ലാസ്സാണ്.
വാഹനം പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണ്. രാസ തീപിടിത്തം, ഫ്ളാറ്റുകളിലെ തീപിടിത്തം, കാട്ടു തീ എന്നിവയെല്ലാം നിമിഷങ്ങൾ കൊണ്ട് അണയ്ക്കും. സ്വയം നിയന്ത്രിത സംവിധാനത്തിലാണ് റോസെൻ ബൗവ്വർ പാന്തർ നിർമിച്ചിട്ടുള്ളത്. 240 ഡിഗ്രിയിൽ വെള്ളവും, ഫയർ ഫോമും ചീറ്റിക്കാൻ ഇതിനു സാധിക്കും. തീ പ്രതിരോധിക്കാൻ കഴിവുള്ള ടയറുകളാണുള്ളത്. അഞ്ചു നിലയിൽ കൂടുതലുള്ള ഫ്ളാറ്റുകളിൽ തീ പിടിച്ചാൽ ഈ വാഹനം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാം.
വാഹനത്തിന്റെ എല്ലാ ഭാഗത്തുനിന്നും വെള്ളം ചീറ്റിക്കാനുള്ള സംവിധാനവുമുണ്ട്. 26,000 ലിറ്റർ കപ്പാസിറ്റിയാണിതിനുള്ളത്. അഞ്ചു സെക്കന്റിനുള്ളിൽ വാഹനത്തിനുള്ളിൽ ശേഖരിച്ചിട്ടുള്ള വെള്ളവും ഫയർ ഫോമും വാഹനം പുറത്തേക്കു ചീറ്റിക്കും. ഇതിനുള്ളിൽ തീ അണഞ്ഞിരിക്കുമെന്നും അധികൃതർ പറയുന്നു. കൂടാതെ വാഹനത്തിനുള്ളിൽ കട്ടർ, വിവിധ തരം ബ്ളേഡുകൾ തുടങ്ങി അടിയന്തര സാഹചര്യത്തിൽ വേണ്ട എല്ലാ ഉപകരണങ്ങളുമുണ്ട്.
ഇന്നലെ തീപിടിത്തമുണ്ടായ സ്ഥലത്തേയ്ക്ക് വാഹനത്തിന് പ്രവേശിക്കാനായില്ല. ബീച്ചിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നും എത്തിയ ഫയർ യൂണിറ്റുകളെ സഹായിക്കുക,ആവശ്യമായ വെള്ളം നൽകുക, എന്നതുമാത്രമായിരുന്നു അവരുടെ കടമ. ഈ നിർദേശം മാത്രമാണ് അധികൃതരിൽ നിന്നും ഇവർക്ക് ലഭിച്ചത്.