വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കൊട്ടാരക്കര വാളകം സ്വദേശി പാപ്പച്ചന് ബേബിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇയാള്‍ നല്കിയ ബാള്‍സ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങി ജോലി നേടിയവരെല്ലാം കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്.
പാപ്പച്ചന് വ്യാജബിരുദം നല്‍കിയവരുടെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് തേടിത്തുടങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഡോക്ടര്‍മാര്‍ വരെയുണ്ടെന്നാണ് സൂചന.
വിദേശത്ത് തട്ടിപ്പിനിരയായവരുടെ വിവരശേഖരണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിചാരണവേളയില്‍ ആവശ്യമെങ്കില്‍ ഇവരെ ഇന്ത്യയില്‍ വരുത്തും. തട്ടിപ്പില്‍ പാപ്പച്ചന് ബേബിയുടെ സഹായിയെന്നു കരുതുന്ന നൈജീരിയക്കാരനെയും കേസില്‍ പ്രതിയാക്കും.
ഇയാളുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇങ്ങനെ കൈമാറിയിരുന്നത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യന്‍ മേധാവി എന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന പാപ്പച്ചന് ബേബിക്ക് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ വഴിയാണ് തട്ടിപ്പിന് ആളിനെ കണ്ടെത്തിയിരുന്നത്.
അര്‍ജന്റീന, കാനഡ, ഘാന, നൈജീരിയ, റഷ്യ, ലൈബീരിയ, റുവാന്‍ഡ തുടങ്ങി 17 രാജ്യങ്ങളില്‍ യൂണിവേഴ്സിറ്റിക്ക് കാമ്പസുകളുള്ളതായാണ് വെബ്സൈറ്റില്‍ പറയുന്നത്. സ്വന്തമായി വ്യാജ ഡിഗ്രികളെടുത്താണ് പാപ്പച്ചന് തട്ടിപ്പ് തുടങ്ങുന്നത്. പിന്നീട് ഇതിനായി വെബ്സൈറ്റ് രൂപീകരിക്കുകയായിരുന്നു.
കസ്റ്റഡിയില്‍ വാങ്ങിയ പാപ്പച്ചനെ സംഘം വിശദമായി ചോദ്യംചെയ്യുകയാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കാനായി വ്യാജ സീല്‍ നിര്‍മിച്ച കൊല്ലത്തെ കേന്ദ്രം പോലീസ് കണ്ടെത്തി. പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബാള്‍സ് ബ്രിഡ്ജ് സര്‍വകലാശാലയുടെ ലക്ഷ്യം ഏഷ്യാ പസഫിക് മേഖലയിലും സമീപരാജ്യങ്ങളിലും ഓപ്പണ്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയാണെന്ന് വെബ്സൈറ്റ് പറയുന്നു.
നൈജീരിയന്‍ രാജാവിന്റെ മകന് തോമസ് ഓസംവെന്ഡെയുടെ പേരാണ് വൈസ് ചാന്‍സലറുടെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹം 2014 മേയില്‍ മരിച്ചെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
നൈജീരിയിലെ പ്രതിപക്ഷനേതാവുമായി പാപ്പച്ചന് ബേബിക്ക് വലിയ അടുപ്പമുണ്ടായിരുന്നെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ ഡൊമിനിക്കയിലെ മേല്‍വിലാസമാണ് ബാള്‍സ് ബ്രിഡ്ജ് സര്‍വകലാശാലയുടെ ഔദ്യോഗിക മേല്‍വിലാസമായി നല്‍കിയിരിക്കുന്നത്. എല്ലാ പ്രൊഫഷണല്‍ കോഴ്സുകാര്‍ക്കും കൗണ്‍സലിങ്ങും മാര്‍ഗനിര്‍ദേശവും വ്യക്തിത്വവികസന ക്ലാസുകളും പാപ്പച്ചന് ബേബി നല്‍കിയിരുന്നു.
എന്‍ജീനിയറിങ് വിഭാഗത്തില്‍ ബി.ഇ., ബി.ടെക്, എം.ടെക്, പോളിടെക്നിക് ഡിപ്ലോമ, മെഡിസിന് വിഭാഗത്തില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഡി., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എന്‍.വൈ.എസ്.,
പാരാമെഡിക്കല്‍ ട്രെയിനിങ് വിഭാഗത്തില്‍ എം.ഫാം, ഡി.ഫാം, ബി.പി.ടി., ബി.എസ്സി., എം.എസ്സി. നഴ്സിങ്, ബി.എസ്സി. നഴ്സിങ്, ജനറല്‍ നഴ്സിങ്, മാനേജ്മെന്റ് വിഭാഗത്തില്‍ പിഎച്ച്.ഡി., എം.ബി.എ., ബി.ബി.എ., ബി.സി.എ., ബി.എച്ച്.എം. എന്നിവയിലും ബി.എ.ജേണലിസത്തിലും വിദ്യാര്‍ഥികള്‍ക്ക് പാപ്പച്ചന് ബേബി ക്ലാസെടുത്തിരുന്നു. പാപ്പച്ചന്റെ യൂണിവേഴ്സിറ്റി ഡിലിറ്റ് കൊടുത്തവരില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി വരെയുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.