കല്ലടിക്കോട്: ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പർ ഹരിതപേനക്ക് പിന്തുണയുമായി കല്ലടിക്കോട് ജനമൈത്രിപോലീസ് സ്റ്റേഷൻ. അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ എസ്.ഐ.മനോജ് കെ.ഗോപി വിത്തുപേനകൾ ഏറ്റുവാങ്ങും.
ഭിന്നശേഷിയുള്ള അനേകംപേരാണ് അവരുടെ വീടുകളിൽ പേനയും കുടയും നിർമിക്കുന്നത്.പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് വച്ചിരിക്കുന്നത് കൊണ്ടാണ് ഇവ വിത്ത് പേനകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഉപേക്ഷിക്കുന്ന പേനയുടെ അറ്റത്തുള്ള വിത്ത് അനുകൂല കാലാവസ്ഥ ലഭിച്ചാൽ മുളപൊട്ടും.
പ്ളാസ്റ്റിക് പേന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നു.
ഇതിന് അൽപമെങ്കിലും പരിഹാരമായാണ് പേപ്പർപേനയെ കാണുന്നത്. കൂടാതെ വീൽ ചെയറിലിരുന്നും രോഗ കിടക്കയിൽ കിടന്നും ഇവ നിർമിക്കുന്ന സഹോദരങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങും.
കല്ലടിക്കോട് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും സേവന ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് വ്യത്യസ്തബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പൂവുകൾ പാടുന്പോൾ-എന്ന പരിസ്ഥിതി ഗാനത്തിന്റെ അകന്പടിയോടെ വിദ്യാർത്ഥികളും സ്റ്റുഡന്റസ് പോലീസും ജനമൈത്രി സമിതി അംഗങ്ങളും പരിസ്ഥിതി പ്രവർത്തനത്തിനിറങ്ങും.
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി എന്റെ മരം എന്ന ആശയം മുൻ നിർത്തി. വൃക്ഷ തൈ വിതരണവും പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണ റാലിയുമുണ്ടാകും. കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീടീച്ചർ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.