സ്വന്തം ലേഖകന്‍
തൃശൂര്‍: ഓരോ കല്ലിലും ഒരു ശില്പമുണ്ട് എന്ന പറയും പോലെ ഓരോ പത്രത്തിലും ഒരു ശില്പമുണ്ട് എന്നു പറയാന്‍ പറ്റുമോ….ഹരീഷ് എന്ന കൊച്ചുമിടുക്കന് അങ്ങനെ പറയും. പത്രങ്ങള്‍ ഹരീഷിന് വാര്‍ത്തയറിയാന്‍ വേണ്ടി മാത്രമുള്ളതല്ല. പൂങ്കുന്നം പുഷ്പഗിരിയില്‍ താമസിക്കുന്ന ഹരീഷെന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പത്രങ്ങള്‍ ജീവന്‍തുടിക്കുന്ന ശില്പങ്ങള് നിര്‍മിക്കാനുള്ള സാമഗ്രിയാണ്.
പത്രത്താളുകള്‍ കൊണ്ട് ഹരീഷിന് ഉണ്ടാക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പറയാം. കോവിഡ് ഭീതിയും ലോക്ക്ഡൗണുമൊക്കെയായി വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ പുതിയ ആശയങ്ങള്‍ പത്രത്താളുകളിലേക്ക് ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് പൂങ്കുന്നം ഹരിശ്രീവിദ്യാനിധി സ്കൂളിലെ വിദ്യാര്‍ഥിയായ ഹരീഷ്.
എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്ക്കാണ് ഹരീഷ് പത്രശില്പങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. ഗണേശോത്സവത്തിന് സാധാരണ നിര്‍മിക്കാറുള്ള ഗണേശ വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാകുന്നതായതിനാല് പരിസ്ഥിതിക്ക് ദോഷമില്ലാത്ത എന്തെങ്കിലും കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കാമെന്ന ചിന്തയില്‍ നിന്നാണ് പത്രശില്പങ്ങള് എന്ന ആശയം ഹരീഷിന് കിട്ടുന്നത്.
പ്ലാസ്റ്റര്‍ ഓഫ് പാരിസ് പോലെ എളുപ്പമായിരുന്നില്ല പത്രങ്ങള്‍ കൊണ്ടുള്ള ശില്പനിര്മാണം. നിവരാത്ത വിധം പത്രക്കടലാസിനെ ചുരുട്ടിയെടുക്കലാണ് പ്രധാന പണിയും വെല്ലുവിളിയുമെന്ന് ഹരീഷ് പറയുന്നു. ശില്പത്തിന്റെ ലേ ഔട്ട് ഇത്തരത്തില്‍ ചുരുട്ടിയെടുത്ത പത്രത്താളുകൊണ്ട് ഫ്രെയിം ചെയ്യുന്നു.
പിന്നെ ശില്പം പതിയെ പൂര്‍ത്തിയാക്കും. വാട്ടര്‍കളറും അക്രലിക്കുമൊക്കെയാണ് നിറം പകരാന്‍ ഉപയോഗിക്കുക. അവയും പരമാവധി പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് ഹരീഷിന് നിര്‍ബന്ധം. പത്രശില്പങ്ങള്ക്ക് കനം കുറവാണെന്നതും കേടുവരില്ലെന്നതുമാണ് മികവ്. പ്ലാസ്റ്റര്‍ ഓഫ് പാരിസിന്റെയത്ര ഫിനിഷിംഗ് ഉണ്ടാവില്ലെന്നത് മാത്രമാണ് ഏക പോരായ്മ.
എന്നാല്‍ വലിയ ശില്പങ്ങള്ക്ക് ഫിനിഷിംഗ് പ്രശ്നമുണ്ടാകാറില്ലെന്ന് ഹരീഷ് പറഞ്ഞു.ഗണേശവിഗ്രഹങ്ങള്‍ നിര്‍മിച്ചതോടെ പത്രശില്പത്തില് പുതിയ രൂപങ്ങള്‍ നിര്‍മിക്കാന്‍ ആത്മവിശ്വാസമായി. പലരും ഹരീഷിന്റെ ഇക്കോ ഫ്രണ്ട്ലി ഗണേശവിഗ്രഹങ്ങള്‍ തേടി വന്നു. പത്രങ്ങള്‍ കൊണ്ട് ചുമര്കലണ്ടറുകള്, പലതരം ശില്പങ്ങള് എന്നിവയെല്ലാം ഹരീഷ് പിന്നീട് ഉണ്ടാക്കി.
വലുപ്പം കൂടിയ ഗണേശവിഗ്രഹങ്ങള്‍ അത്തചതുര്ത്ഥിക്ക് ഉണ്ടാക്കിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. വടക്കുന്നാഥ ക്ഷേത്രവും ശ്രീമൂലസ്ഥാനത്ത് തൃശൂര്‍ പൂരം ഉപചാരം ചൊല്ലിപിരിയുന്ന തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജവീരന്മാരും, തൃശൂര്‍ പൂരം എഴുന്നള്ളിപ്പുമെല്ലാം ഹരീഷിന്റെ പത്രശില്പങ്ങളില് എടുത്തുപറയേണ്ടവ.
ശ്രീരാമപട്ടാഭിഷേകം, കല്പാത്തി തേര് എന്നിവയും മികവ് പ്രകടമാക്കുന്നവ. ബൊമ്മക്കൊലു സമയത്ത് ഹരീഷിന്റെ പത്രശില്പങ്ങള് തേടി നിരവധിപേരെത്താറുണ്ട്. തൃശൂര്‍ കളക്ടറേറ്റിന്റെ ചുറ്റുമതിലില്‍ തൃശൂരിന്റെ തനിമ അടയാളപ്പെടുത്തിയ ചിത്രകാരന്മാരില് ഹരീഷുമുണ്ടായിരുന്നു.
തൃശൂര്‍ ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായ മൃദംഗവിദ്വാന്‍ തൃശൂര്‍ എച്ച്.ഗണേശിന്റെയും വീട്ടമ്മയായ പി.ആര്.ജ്യോതിയുടേയും മകനാണ് ഹരീഷ്. അനുജത്തി എല്‍.കെ.ജിയില്‍ പഠിക്കുന്നു.
നല്ലൊരു മ്യൂറല്‍ പെയിന്ററും മൃദംഗ കലാകാരനുമാണ് ഹരീഷ്. ലോക്ഡൗണില്‍ പരീക്ഷകള്‍ രണ്ടെണ്ണം ബാക്കിയായിരിക്കുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടെങ്കിലും പുഷ്പഗിരിയിലെ ശ്രുതിലയയില്‍ പത്രശില്പങ്ങള്ക്കിടയിലിരുന്ന് ഹരീഷ് കോവിഡ് കാലത്തെ അടിസ്ഥാനമാക്കി പത്രശില്പങ്ങള് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്.