കോഴിക്കോട്: ലോക് ഡൗൺ പിൻവലിയ്ക്കുന്നതിന് മുമ്പ് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മാത്രം ആരംഭിക്കാനുള്ള ക്യുഐപി കമ്മിറ്റി തീരുമാനം അപ്രായോഗികമാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ പ്രാതിനിധ്യമില്ലാതെ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളെപ്പറ്റി ക്യുഐപി കമ്മിറ്റി തീരുമാനമെടുക്കുന്നത് പ്രതിഷേധാർഹമാണ്.
മൂല്യ നിർണയ ക്യാമ്പുകളിൽ 400 – ൽ അധികം അധ്യാപകരെ കുത്തിനിറച്ച് സാമൂഹിക അകലം പാലിക്കാനാവാതെ മൂല്യനിർണ്ണയ ക്യാമ്പുകൾ നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.
അതിനാൽ നിലവിൽ ജില്ലാ കേന്ദ്രങ്ങളിൽ മാത്രമുള്ള ക്യാമ്പുകൾ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ വർധിപ്പിക്കുകയും ലോക്ക്ഡൗൺ പിൻവലിച്ച ശേഷം ക്യാമ്പുകൾ ആരംഭിക്കുകയുമാണ് ഉചിതമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് ചെയർമാൻ ആർ.അരുൺ കുമാറും , സംസ്ഥാന നേതാക്കളായ അനിൽ. എം. ജോർജ്ജ് , ഡോ.ജോഷി ആൻറണി, അബ്ദുൾ ലത്തീഫ് എന്നിവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.