കിടങ്ങൂർ: പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം എന്ന ആശയം പൂർണമാക്കുന്നതിന്റെ ഭാഗമായി കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പ്ലാസ്റ്റിക്ക് പേനകൾ ഉപേക്ഷിക്കുന്നു.ഇനി പേപ്പർ പേനകളായിരിക്കും ഇവരുടെ ആശ്രയം. ഇതിനായി വിദ്യാർഥികൾ പേപ്പർപേനകൾ നിർമിച്ചുതുടങ്ങി.
ഇതുവരെ അയ്യായിരത്തിലധികം പേപ്പർ പേനകൾ വിദ്യാർഥികൾ നിർമിച്ചുകഴിഞ്ഞു. വിദ്യാർഥികളുടെ പാത പിന്തുടർന്ന് അധ്യാപകരും പ്ലാസ്റ്റിക്ക് പേനകൾ ഉപേക്ഷിച്ചു. ഇത് കിടങ്ങൂർ ഗ്രാമത്തിൽ മുഴുവൻ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ എസ്പിസി അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരും.
പ്ലാസ്റ്റിക്ക് വിമുക്ത സ്കൂളിനായി മൂന്നുവർഷത്തിലേറെയായി വിദ്യാർഥികൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അതിൽ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തതായി അധ്യാപകരും വിദ്യാർഥികളും പറയുന്നു. എന്നാൽ ആശയം പൂർണമായും വിജയിക്കണമെങ്കിൽ പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ചിട്ടുള്ള പേനകളും ഉപേക്ഷിക്കണമെന്നു വിദ്യാർഥികൾ തന്നെയാണ് നിർദേശിച്ചത്. പകരം പേപ്പർപേനകൾ ഉപയോഗിച്ചാൽ പ്ലാസ്റ്റിക്കിനോട് ഒരു പരിധിവരെ വിടപറയാം.
ഒരാഴ്ചയിൽ തങ്ങളുടെ സ്കൂളിൽ മാത്രം ഉപേക്ഷിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് പേനകളുടെ ശരാശരി കണക്കെടുത്തപ്പോൾ അധ്യാപകർപോലും ഞെട്ടിപ്പോയി. ഒരാഴ്ചത്തേക്ക് ഒരു കുട്ടിക്ക് ഒരുപേനയെങ്കിലും വേണ്ടിവരുമെന്നാണ് കുട്ടികൾ കണ്ടെത്തിയത്. ആയിരം കുട്ടികൾ ഒരാഴ്ച വലിച്ചെറിയുന്നത് ശരാശരി ആയിരം പേനകൾ. ഇതോടെ ഉപേക്ഷിക്കപ്പെട്ട പേനകൾ വിദ്യാർഥികൾ തന്നെ സ്കൂൾ പരിസരത്തുനിന്നും കണ്ടെടുത്തു.
എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്തവിധം ഉപയോഗശൂന്യമായ പേനകളുടെ കൂനകൾ കണ്ട് കുട്ടികൾ അത്ഭുതപ്പെട്ടു. പേപ്പർ പേന നിർമാണത്തിനുള്ള പരിശീലനം വിദ്യാർഥികൾക്ക് നൽകാനുള്ള നടപടികൾ ഇതോടെ എസ്പിസി അംഗങ്ങൾ ആരംഭിച്ചു. ഓരോ ക്ലാസിലെയും വിദ്യാർഥികൾ അവർക്കുവേണ്ട പേനകൾ നിർമിക്കുക എന്നതായിരുന്നു ഇതിനായി സ്വീകരിച്ച നയം.
ഫ്ളക്സ് ബോർഡുകൾ ഇവിടെ ഉപയോഗിക്കാറില്ലെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. പകരം സോളാർ വൈദ്യുതി ഉപയോഗിച്ച് എൽഇഡി ഡിസ്പ്ലെ ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു മുൻകൈയെടുത്തതും വിദ്യാർഥികൾ തന്നെയാണ്. സ്കൂളിലെ വിശേഷങ്ങൾ പൊതുജനത്തിനും വിദ്യാർഥികൾക്കും അറിയാൻ വേണ്ടി സ്കൂൾ കവാടത്തിൽതന്നെയാണ് ഡിസ്പ്ലെ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.