പാന്പാടി: പകർച്ചപ്പനി പടർന്നുപിടിക്കുന്പോൾ ആവശ്യത്തിനു ജീവനക്കാരില്ലാതെ പാന്പാടി ഗവ. താലൂക്ക് ആശുപത്രി. ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഒപിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 1000ത്തിലധികമാണ്.
36 നഴ്സുമാരുടെ സേവനം ലഭിക്കേണ്ട താലൂക്ക് ആശുപതിയിൽ 19 നഴ്സുമാരെ മാത്രമാണു നിയമിച്ചിട്ടുള്ളത്. ഇതിൽ നാലുപേർ അവധിയിലാണ്. മറ്റ് രണ്ടു നഴ്സുമാർ പനി ബാധിച്ചു ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്.
ബാക്കിയുള്ള 13 നഴ്സുമാരാണ് രോഗികളെ പരിചരിക്കാനുള്ളത്.
കൂടുതൽ നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ ജോലി നോക്കുന്നവർ കൂടി കിടപ്പിലാകുന്ന അവസ്ഥയിലാണ്. ഒപി സമയത്തിനുശേഷം അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ എട്ടു വരെ കഴിഞ്ഞദിവസം അത്യാഹിത വിഭാഗത്തിൽ രോഗം ബാധിച്ചെത്തിയവർ 450ൽപ്പരം ആളുകളാണ്.
ഒരു ഡോക്ടർമാത്രമാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ളത്.പകർച്ചപ്പനി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യമായതിനാൽ മുഴുവൻ സമയവും അത്യാഹിത വിഭാഗത്തിൽ തിരക്കാണ്. ഒരു ഡോക്ടറുടെ സേവനം കൂടി അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.