കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷത്തിനു തുടക്കം കുറിച്ച് നാളെ നൂറുകണക്കിനു ക്രിസ്മസ് പാപ്പാമാർ നഗരത്തിലെത്തും. കോട്ടയം നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ക്രിസ്്മസ് പാപ്പാറാലിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്.
പൂരനഗരിയായ തൃശൂരിൽ സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെയുടെ മോഡലിലാണ് ക്രിസ്മസ് പാപ്പാമാരുടെ റാലി ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസ് കരോൾ ഗാനങ്ങളുടെ അകന്പടിയോടെ ക്രിസ്മസ് പാപ്പമാർ ഡാൻസും പാട്ടുമായി എത്തുന്നതോടെ നഗത്തിലെ ക്രിസ്മസ് ആഘോഷത്തിനു തുടക്കമാകുകയും നഗരവാസികൾക്ക് പുത്തൻ അനുഭവമാകുകയും ചെയ്യും.
വൈകുന്നേരം 4.30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് തിരുനക്കര മൈതാനിയിൽ പാപ്പാറാലി സമാപിക്കും. തുർന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഹകരണ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് റവ. ഡോ. തോമസ് കെ ഉമ്മൻ ക്രിസ്മസ് സന്ദേശം നൽകും. തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കോട്ടയം എഡിഎം ജിനു പുന്നൂസ്, കാരിത്താസ് ആശുപത്രി ഡയറക്്ടർ ഫാ. ബിനു കുന്നത്ത്, കെ. ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ ജയിൻസ് മുല്ലശേരി, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിക്കും.
കോട്ടയം നഗരസഭ, ജില്ലാ പഞ്ചായത്ത്, ദർശന സാംസ്കാരിക കേന്ദ്രം, ദർശന അക്കാദമി, കാരിത്താസ് ആശുപത്രി, മാന്നാനം കെഇ സ്കൂൾ, എസ്എച്ച് പബ്ലിക് സ്കൂൾ, ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻ, ലൂർദ് പബ്ലിക് സ്കൂൾ, ബിസിഎം കോളജ്, മൗണ്ട് കാർമൽ, സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ ഉൾപ്പെടെ പ്രമുഖ സംഘടനകളുടെ സഹകരണത്തോടെയാണ് ബോണ്‍ നത്താലെ സംഘടിപ്പിച്ചിരിക്കുന്നത്.