കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് സ്വദേശിയായ കർഷകൻ വളയത്ത് പാപ്പച്ചന്റെ പട്ടയപ്രശ്നത്തിൽ പരിഹാരമാകാതെ കർഷകൻ ജീവനൊടുക്കിയാൽ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്ന് മലയോര കർഷക ആക്ഷൻ കമ്മറ്റി.
തന്റെ കൃഷിഭൂമിക്ക് പട്ടയം അനുവദിച്ചില്ലെങ്കിൽ 16ന് താൻ ജീവനൊടുക്കുമെന്ന് പൊതുസമൂഹത്തോട് വാർത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച സാഹചര്യത്തെ തുടർന്നാണ് മലയോര കർഷക ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയത്. ഈ പ്രശ്നത്തിൽ മന്ത്രിമാർ, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ തുടങ്ങിയ വർ ഉടൻ ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.ഡി.തോമസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപ് ഇതേ പ്രശ്നത്തിൽ പാപ്പച്ചൻ വില്ലേജ് ഓഫീസിനു മുൻപിൽ ജീവനൊടുക്കാൻ ശ്രമിക്കവേ പോലീസ്, തഹസിൽദാർ, എഡിഎം, ആർഡിഒ, എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പട്ടയം ഉടൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും, ലാന്റ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടികൾ വൈകിപ്പിക്കുകയാണ്.
കർഷകന്റെ ആത്മഹത്യവരെ കാത്തിരിക്കാതെ 16ന് മുൻപായി പട്ടയപ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നികുതിയെച്ചൊല്ലി ചെമ്പനോടയിൽ ജീവനൊടുക്കിയ കർഷകനുണ്ടായ അനുഭവം ഉദ്യോഗസ്ഥർ ഓർക്കണമെന്നും യോഗം അറിയിച്ചു.
ചെയർമാൻ ഒ.ഡി.തോമസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പൂനൂർ, ബാബു തിരുവാമ്പാടി, സൈമൺ കക്കാടംപ്പൊയിൽ, ബേബി വയലട, കൃഷ്ണൻകുട്ടി ബാലുശേരി, സണ്ണി ചക്കിട്ടപ്പാറ, സെബാസ്റ്റ്യൻ പൂഴിത്തോട്, വർഗീസ് നമ്പികുളം, ബാബു ഇടിഞ്ഞകുന്ന്, അശോകൻ കല്ലാനോട്, സൂപ്പി കൂരാച്ചുണ്ട് എന്നിവർ പ്രസംഗിച്ചു.