ഇന്ത്യൻ ഭക്ഷണം അവിശ്വസനീയമായ വൈവിധ്യത്തിന് പേരുകേട്ടതാണ്, കറികളും ബിരിയാണികളും സ്വാദുള്ള ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും വരെ അതിൽ ഉൾപ്പെടുന്നു.
സമ്പന്നമായ പാചക പൈതൃകത്തിന് പുറമേ, ചില വിഭവങ്ങൾ തയാറാക്കുന്നതിന് പിന്നിലെ തയാറെടുപ്പുകളും നമ്മളെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി കാണാറുള്ളതാണ്. എന്നാൽ അവയിൽ ചിലത് ആഘോഷിക്കപ്പെടുമ്പോൾ മറ്റുള്ളവ ആശങ്കകൾ ഉന്നയിപ്പിക്കുകയും ചെയ്യും.
പപ്പടം ഒരു ക്രിസ്പി സ്നാക്ക് ആണ്. അതിന്റെ നിർമാണ രീതി കാണിക്കുന്ന സമീപകാല ഇൻസ്റ്റാഗ്രാം വീഡിയോയിൽ, നിർമ്മാണ പ്രക്രിയയിൽ കണ്ട വൃത്തിഹീനമായ അവസ്ഥ കാഴ്ചക്കാരെ അസ്വസ്ഥരാക്കി.
ഡിജിറ്റൽ ക്രിയേറ്റർ @dabake_khao ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഒരു സ്ത്രീ പപ്പടങ്ങൾ തയ്യാറാക്കുന്നത് കാണാം. മസാലകളും ഉപ്പും ചേർത്ത് നഗ്നമായ കൈകൾ ഉപയോഗിച്ചാണ് പപ്പടത്തിനുള്ള മാവ് ഇവർ കുഴയ്ക്കുന്നത്.
തുടർന്ന്, അവർ തയാറാക്കിയ മിശ്രിതം ചൂടുള്ള ചട്ടിയിൽ നേർത്തതായി പരത്തുന്നു. അവ ഉണങ്ങുമ്പോൾ വലിയ പപ്പഡ് ഷീറ്റുകൾ ഒന്നിച്ച് കൂട്ടിക്കെട്ടി വൃത്താകൃതിയിൽ മുറിച്ച് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് നഗ്നമായ കാലുകൾ കൊണ്ട് അമർത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് അവയെ വേർപെടുത്തി വെയിലത്ത് ഉണക്കി പായ്ക്കും ചെയ്യുന്നു.
കൈകളും കാലുകളും ഉപയോഗിച്ച് ചേരുവകൾ കൈകാര്യം ചെയ്യുന്നതും തുറന്ന അന്തരീക്ഷത്തിൽ ഇവ ഉണക്കുന്ന പ്രക്രിയയും കാരണം വീഡിയോ ശുചിത്വത്തെക്കുറിച്ച് ആശങ്ക സൃഷ്ടിച്ചു. ശുചിത്വത്തെ കുറിച്ച് നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.