വടക്കഞ്ചേരി: കോവിഡ് മഹാമാരിയിൽ ഇടക്കിടെ കടകൾ അടച്ചിടുന്പോൾ ഇക്കുറി ഓണകച്ചവടം താളം തെറ്റുമോ എന്ന ആശങ്കയിലാണ് പപ്പട നിർമ്മാതാക്കൾ.
രു വർഷത്തെ പ്രധാന പപ്പട കച്ചവടം നടക്കുന്നത് അത്തം തൊട്ടുള്ള ഓണനാളുകളിലാണ്.വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടി ഭക്ഷണമൊരുക്കുന്പോൾ പപ്പടത്തിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.
ഇതിനാൽ പപ്പടത്തിന്റെ ആവശ്യകത കൂടി നല്ല വില്പനയും നടന്നിരുന്നതായി പപ്പട നിർമ്മാണം കുല തൊഴിലായി നടത്തി വരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ മനോജ് പറഞ്ഞു.
ഇക്കുറി വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടുന്നതിന് കോവിഡ് തടസ്സം നിൽക്കുകയാണ്. ഓണ തിരക്കുകളിൽ കൂടുതൽ ടൗണ് പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണുകളാക്കി കടകൾ അടപ്പിച്ചാൽ നിർമ്മിക്കുന്ന പപ്പടം ചെലവകാതെ വരുമോ എന്ന ആധിയും ഇവർക്കുണ്ട്.
മഴയുടെ മൂടിക്കെട്ട് പപ്പടം ഉണക്കിയെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്ത്രീകൾ പറയുന്നു. വെയിൽ കിട്ടുന്ന സമയം എല്ലാവരും കൂടി പപ്പടം മുറ്റത്ത് നിരത്തും. മഴ മേഘങ്ങൾ ഉരുണ്ടു കൂടുന്പോൾ എല്ലാം പെറുക്കി കൂട്ടണം. പിന്നേയും നിരത്തണം.
ഈ ദിവസങ്ങളിൽ മഴയുടെ വരവും പോക്കും തുടർന്നാൽ പണി ഇരട്ടിയാകുമെന്നാണ് ഇവർ പറയുന്നത്. മറ്റു മേഖലകൾ പോലെ കോവിഡ് പപ്പട വിപണിയെ തളർത്തിയാൽ ഈ വിഭാഗത്തിന്റെ ഒരു വർഷത്തെ കുടുംബ ബജറ്റുകളും താളം തെറ്റും.
യന്ത്രസഹായത്തോടെയുള്ള പപ്പടം നിർമ്മിക്കുന്നുണ്ടെങ്കിലും നല്ല ഉഴുന്ന്മാവിൽ കൈകൊണ്ട് ഉണ്ടാക്കുന്ന പപ്പടത്തിനു തന്നെയാണ് സ്വാദും ഗുണവുമെല്ലാം.
ഇത്തരം പപ്പടം ആവി പാറുന്ന വെളിച്ചെണ്ണയിൽ ഇട്ടാൽ പൊളച്ച് പൊങ്ങും. നന്നായി മൂത്ത് പഴുത്ത തനി നാടൻ നേന്ത്രപഴം പുഴുങ്ങിയതും വലിയ പപ്പടവും കൂട്ടി കുഴച്ച് കഴിച്ചാൽ ഓണസദ്യ ബഹുകേമമായെന്നാണ് പഴമക്കാർ പറയുക.
കൈക്കൊളത്തറക്ക് പുറമെ കാവശ്ശേരിയിലെ വേപ്പിലശ്ശേരി, ഒലവക്കോട് ആണ്ടിമഠം, കൊടുവായൂർ, കുനിശ്ശേരി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും കുല തൊഴിലായി പപ്പടം നിർമ്മിച്ച് വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന നിരവധി കുടുംബങ്ങളുണ്ട്.