തൃശൂർ: സംസ്ഥാനത്ത് എല്ലാ വാർഡിലും എൻഡിഎ മത്സരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഓണക്കിറ്റിലെ പപ്പടത്തിൽപോലും അഴിമതി നടത്തിയ സർക്കാരാണ് പിണറായിയുടേത്.
നേരത്തെ ശർക്കരയിലും അഴിമതി നടത്തി. കോവിഡ് രോഗികൾക്കുപോലും രക്ഷയില്ലാത്ത കാലമാണ് കേരളത്തിൽ. കോണ്‍ഗ്രസുകാരും ഡിവൈഎഫ്ഐക്കാരും പീഡകരായി നടക്കുകയാണ്. ഡിവൈഎഫ് ഐക്കാർക്കുമാത്രം പീഡിപ്പിച്ചാൽ മതിയോയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിർഭാഗ്യകരമാണ്.
കോണ്‍ഗ്രസിന്റെ ദൗർബല്യമാണ് യുഡിഎഫിന്റെ തകർച്ചയ്ക്കു കാരണം. മുസ്ലിം ലീഗ് യുഡിഎഫിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. നിയമസഭാ അംഗത്വം രാജിവച്ച് ലോക്സഭയിലെത്തുകയും പിന്നീട് അവിടെനിന്നു രാജിവച്ച് നിയമസഭയിലേക്കും എത്താനുള്ള ചിലരുടെ നീക്കം ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ല.
നാലുമാസത്തേക്കായി ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനോടു യോജിക്കുന്നില്ലെന്നും, എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
എൻഡിഎ കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.