വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണം സജീവമായി. നല്ല വെയിലിനിടക്ക് കടന്നുവരുന്ന മഴയാണ് പപ്പട നിർമാതാക്കളെ വലയ്ക്കുന്നത്. വെയിൽ കാണുന്ന സമയം നോക്കി പപ്പടം ഉണക്കിയെടുക്കണം.
ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറവുണ്ടെങ്കിലും പപ്പടമില്ലാത്ത ഓണസദ്യ മലയാളിക്ക് ചിന്തിക്കാനാവില്ല. ചെറിയ പപ്പടം, വലിയ പപ്പടം അങ്ങനെ പല വലുപ്പത്തിലും പേരുകളിലുമുണ്ട്.
കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പടം വിപണിയിലെത്തുന്നത് കുലത്തൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്.
ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു.
ആവിപാറുന്ന വെളിച്ചെണ്ണയിലിട്ടാലും പപ്പടം യാതൊരു വികാരവുമില്ലാതെ കിടക്കും. കൃത്രിമ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാണത്. ഇത്തരം പപ്പടം രോഗങ്ങൾക്കും വഴിവെക്കും.
ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി നിരോധിക്കാൻ സംവിധാനമില്ലാത്തതിനാൽ വ്യാജ പപ്പടവുമായി മത്സരിക്കേണ്ടി വരുന്നെന്ന് സംഘടനാ ഭാരവാഹിയായ കൈക്കോള തറയിലെ കൃഷ്ണൻ പറഞ്ഞു.
ഫ്രാൻസിസ് തയ്യൂർ