പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യയ്ക്കുള്ള ഒരുക്കങ്ങള് തുടങ്ങുമ്പോള് എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പടമാണ്. പായസം ഇലയിലൊഴിച്ച് പപ്പടവും ചേര്ത്തൊരു പിടി പിടിക്കാതെ ഓണസദ്യ പൂര്ണമാകുകയില്ല. ഓണ നാളില് പരിപ്പിനൊപ്പം പപ്പടവും പായസത്തിനൊപ്പം പഴവും പപ്പടവും ചേര്ത്തു കഴിക്കണമെന്നതാണ് രീതി. ഇത്തവണയും ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികള്.
ഓണക്കാലവും ഉത്സവ, വിവാഹസീസണുമാണ് പപ്പട നിര്മാണമേഖലയെ താങ്ങി നിര്ത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള് ചേര്ത്തുണ്ടാക്കുന്ന നാടന് പപ്പടങ്ങള്ക്കാണ് ഡിമാന്ഡ് കൂടുതല്. കുഞ്ഞന് പപ്പടങ്ങള് മുതല് വലുപ്പമേറിയ പപ്പടങ്ങള് വരെ വിപണിയില് നിറഞ്ഞു കഴിഞ്ഞു.
ഓണ സീസണില് ഉത്പാദനം മൂന്നിരട്ടി വരെയാണ്. ഇടവിട്ടുള്ള മഴയാണ് പരമ്പരാഗത പപ്പട നിര്മാണ തൊഴിലാളികളെ ബാധിച്ചിട്ടുള്ളത്. പപ്പടം ഉണക്കിയെടുക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. 20 മുതല് 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് ഓണ വിപണിയില് പ്രധാനമായും വിറ്റുപോകുന്നത്. 20 രൂപയുടെ പായ്ക്കറ്റില് 12 എണ്ണമാണ് ഉള്ളത്. ചെറിയ പപ്പടം 100 എണ്ണത്തിന് 100രൂപയും ഇടത്തരത്തിന് 140 രൂപയുമാണ് വില.
അസംസ്കൃത വസ്തുക്കളുടെ വില വര്ധിച്ചതോടെ നിര്മാതാക്കള് വലിയ പ്രയാസത്തിലാണ്. ഓണ വില്പന മുന്നില്ക്കണ്ട് അയല്സംസ്ഥാനങ്ങളില്നിന്ന് പപ്പടം നാട്ടിന് പുറങ്ങളിലെ വിപണികളില് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതില്വ്യാജനുമുണ്ട്.
ഓണം സീസണില് ഗുണനിലവാരമില്ലാത്ത പപ്പടങ്ങളും എത്തുന്നതായി പരാതിയുണ്ട്.
ഇതു തടയാനായി പപ്പട നിര്മാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്ചറേഴ്സ് അസോസിയേഷന് (കെപ്മ) പപ്പടങ്ങളുടെ പായ്ക്കറ്റില് അസോസിയേഷന്റെ മുദ്ര പതിക്കുന്നുണ്ട്. ഉഴുന്ന്, ഉപ്പ്, പപ്പടക്കാരം, വെള്ളം എന്നിവ ചേര്ത്താണ് പപ്പടം നിര്മിക്കുന്നത്. ഉഴുന്ന് വില ഉയര്ന്നതോടെ 50 ശതമാനം മൈദ ചേര്ത്തുള്ള പപ്പടങ്ങള് വിപണിയില് സുലഭമായിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കുമെന്ന് പറയുന്നു.
എന്നാല് മുന് വര്ഷങ്ങളെക്കാള് ഇത്തവണ ഓണത്തിനു വില്പന തീരെകുറഞ്ഞതായി പത്തനംതിട്ട പഴയ ബസ് സ്റ്റാന്ഡിനു സമീപം പപ്പടം നിര്മിക്കുന്ന ഗുരുവായൂര് സ്വദേശി സുകുമാരന് പറഞ്ഞു. ഗുരുവായൂര് എന്ന പേരില് വിപണിയിലുള്ള സുകുമാരന്റെ പപ്പടത്തിനു ഡിമാന്ഡേറെയാണ്. കഴിഞ്ഞ 35 വര്ഷമായി പത്തനംതിട്ടയില് താമസിച്ച പപ്പടം നിര്മിക്കുകയാണ് സുകുമാരന്.
പപ്പട നിര്മാണത്തിനുള്ള സാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. നേരത്തെ 500 രുപയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക്് ഉഴുന്നിന നിലവില് 6400 രുപ വരെയായി. നഷ്ടകച്ചവടമായതിനാല് പലരും ഈ മേഖല വിട്ടു മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. മുന്പ് പത്തനംതിട്ടയിലുണ്ടായിരുന്ന പല പപ്പട നിര്മാതാക്കളെയും ഇപ്പോള് കാണാനില്ല.