മാന്നാർ: ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പപ്പടം. സദ്യവട്ടങ്ങളിൽ തൂശനിലയുടെ ഓരത്ത് ഇത്തവണ പപ്പടം പൊള്ളിച്ച് വയ്ക്കണമെങ്കിൽ കൈ അല്പം പൊള്ളും.
കൈ പൊള്ളിയാലും പപ്പടം ഇല്ലാതെയുള്ള ഓണസദ്യയെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനേ വയ്യ.ഓണമെത്തിയതോടെ എല്ലാ പലവ്യഞ്ജന സാധനങ്ങൾക്കും പച്ചക്കറികൾക്കും തീവിലയാണ്.
ഇതിന് ആനുപാതികമായി പപ്പടത്തിനും വില കുത്തനെ ഉയർന്നിട്ടുണ്ട്. പപ്പട വിപണിക്ക് ഉണർവുണ്ടാകുന്നത് ഓണനാളുകളിലാണ്.
മൂന്നുനാലു വർഷമായി പ്രളയവും കോവിഡും പപ്പട വിപണിയെ തളർത്തിയിരുന്നു.എന്നാൽ ഇത്തവണ പ്രതീക്ഷയോടെയാണ് പരമ്പരാഗത പപ്പട നിർമാതാക്കൾ.
പപ്പട നിർമാണത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായ ഉഴുന്നിന്റെ വിലക്കയറ്റമാണ് പപ്പടത്തിനു വില വർധിക്കാൻ കാരണമായതെന്നാണ് നിർമാതാക്കൾ പറയുന്നത്.
പരമ്പരാഗതമായി നിർമിക്കുന്ന പപ്പടത്തിന് സ്വാദ് ഏറെയായതിനാൽ ആവശ്യക്കാരും ധാരാളമാണ്.എന്നാൽ വൻകിട പപ്പട നിർമാതാക്കൾ മെഷീനുകളിൽ നിർമിച്ച് വിപണിയിൽ വൻ തോതിൽ എത്തിക്കുകയും വില കുറച്ച് നൽകുകയും ചെയ്യുന്നതിനാൽ പരമ്പരാഗത പപ്പട നിർമാതാക്കളെ സാരമായി ബാധിച്ചിട്ടുണ്ട്.
കൂടാതെ തമിഴ്നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽനിന്ന് ഓണവിപണി ലക്ഷ്യമിട്ട് നിലവാരം കുറഞ്ഞ പപ്പടവും എത്തുന്നുണ്ട്.
എല്ലാത്തരം പപ്പടങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ 10 മുതൽ 30 വരെ വില വർധിച്ചിട്ടുണ്ട്. ഓണമായതിനാൽ വില വർധനവൊന്നും നോക്കാതെ എല്ലാവരും പപ്പടം വാങ്ങുന്നുമുണ്ട്.