ഒറ്റപ്പാലം: ഉൗണിനൊപ്പം പപ്പടവും ഇഷ്ടം പോലെ കഴിക്കുന്നവർ ശ്രദ്ധിക്കുക. പപ്പടങ്ങളിൽ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാർബണേറ്റ് ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ഇത് സംബന്ധിച്ച് വ്യാപകമായി പരാതികളും വരുന്നതായി അധികൃതർ പറയുന്നു. ഈർപ്പം നഷ്ടമാകാതെ കൂടുതൽ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാർബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളിൽ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.
ഇത്തരം പപ്പടങ്ങൾ കഴിക്കുന്പോൾ വായിൽ നേരിയ തോതിൽ പൊള്ളലുകളുണ്ടാകും. ഇത് കാൻസറിനും അൾസറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേർക്കുന്നതാണ് മറ്റൊരു പ്രശ്നം.
പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേർക്കുന്നവരുമുണ്ട്. മൈദ ചേർത്ത പപ്പടത്തിന് കാച്ചിയാൽ കൂടുതൽ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാൽ ഇതിന് ചുവപ്പു കളർ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകൾ.
ഗുജറാത്തിൽ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികൾ ഉപയോഗിക്കുന്നത്. ഇതിന് ദൂഷ്യവശങ്ങൾ ഉള്ളതായി പരാതിയില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയുള്ള പപ്പടക്കാരം അഥവാ സോഡിയം ബൈ കാർബണേറ്റ് വിപണികളിൽ ലഭ്യമാണ്. പപ്പടങ്ങൾ ഒട്ടാതിരിക്കാൻ അരിപ്പൊടിയോ കപ്പപ്പൊടിയോ പൂശാറുണ്ട്. നല്ലെണ്ണയും ഉപയോഗിക്കും.
പപ്പടത്തിൽ ചേർക്കുന്ന ചേരുവകൾ എഴുതി കാണിക്കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. പപ്പടത്തിൽ മായം ചേർക്കുന്നത് നിസാരമായിട്ടാണ് കാണുന്നതെങ്കിലും കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇക്കാര്യങ്ങളിൽ സത്വരശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. ഉൗണിന് പുറമേ വെറുതെയുള്ള ഇടവേളകളിലും ചായക്കൊപ്പവും വരെ പപ്പടം കഴിക്കുന്നവർ ഉണ്ട്.
പപ്പടത്തോട് ഭ്രമമുള്ള കുട്ടികളും ധാരാളമാണ്. ഇവരുടെയെല്ലാം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന മായം ചേർക്കലിനെ കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.