ബിജു ഇത്തിത്തറ
കടുത്തുരുത്തി: ഓണസദ്യ നല്ലോണം ഉണ്ണണമെങ്കിൽ ഒരു പപ്പടമെങ്കിലും വേണമെന്നത് മലയാളികൾക്കു നിർബന്ധമാണ്. കോവിഡ് ആയിരുന്നെങ്കിലും ഓണക്കാലത്ത് പപ്പടവിപണി ഉണർന്നിരുന്നു.
കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേർന്ന ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് പപ്പടം. പരന്പരാഗതമായ ഓണസദ്യ വിഭവങ്ങൾ വിളന്പുന്ന തൂശനിലയിൽ ഉപ്പേരിക്കും അച്ചാറിനും ഇഞ്ചി പുളിക്കും മുകളിൽ സ്ഥാനം പിടിക്കുന്നവനാണു പപ്പടം.
സദ്യ എത്രയൊക്കെ കുറച്ചാലും ചെറിയ പായ്ക്കറ്റ് പപ്പടമെങ്കിലും മലയാളികളുള്ള വീടുകളിൽ വാങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം ഉണ്ടാക്കുന്നവർക്കു ഓണക്കാലത്ത് തിരക്കേറിയിരുന്നു.
വല്യപപ്പടം മുതൽ അപ്പളങ്ങൾ വരെ വിപണിയിലുണ്ടെങ്കിലും ശരാശരി മലയാളികളുടെ രുചിഭേദങ്ങളിൽ എന്നും മുന്പൻ സാധാരണ പപ്പടം തന്നെയാണ്.
കോവിഡ് പ്രതിസന്ധിയായി
കോവിഡ് നിയന്ത്രണങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നു കരകയറാനൊരുങ്ങുകയാണു പപ്പടവിപണി. പല യൂണിറ്റുകളും ഉത് പാദനം കുറച്ചിരിക്കുകയായിരുന്നു.
ഉഴുന്നുമാവ്, പപ്പടക്കാരം, ഉപ്പ് എന്നിവയാണ് പപ്പടത്തിലെ പ്രധാന ചേരുവകൾ. ഉഴുന്നുപരിപ്പ് തമിഴ്-നാട്ടിൽ നിന്നാണെത്തുന്നത്. ലോക്ഡൗണ് നാളുകളിൽ ഉഴുന്നുപരിപ്പും അനുബന്ധ വസ്തുക്കളും ലഭിക്കുന്നതിനുണ്ടായ ബുദ്ധിമുട്ടും പപ്പട നിർമാതാക്കളെ വലച്ചിരുന്നു.
മാവ് ഉരലിൽ പരുവപ്പെടുത്തി പരത്തിയെടുത്ത് വെയിലിൽ ഉണക്കിയാണ് പരന്പരാഗത രീതിയിൽ പപ്പട ഉദ്പാദനം നടന്നിരുന്നത്. പത്ത് വർഷത്തോളമായി ഈ മേഖലയിലും യന്ത്രവൽക്കരണം പുരോഗമിക്കുന്നു.
പരന്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവർക്കു പുറമെ മറ്റുള്ളവരും മേഖലയിൽ സജീവമാണ്.
ഉഴുന്നിനു തീവില!
ഉഴുന്ന് മാവിന്റെ വില വർധന പ്രതിസന്ധിയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പരന്പരാഗതമായി പപ്പടം നിർമിച്ചു വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്നവരേറേയാണ്.
ഉഴുന്നുമാവിന്റെ വില വർധനയാണ് ഇവരെല്ലാം നേരിടുന്ന പ്രശ്നം. ചെറിയ പപ്പടത്തിനും ഇടത്തരം വലുപ്പത്തിലുള്ള പപ്പടത്തിനുമാണ് ആവശ്യക്കാർ ഏറെയുള്ളത്. ചെറിയ പപ്പടത്തിന് 100 എണ്ണമടങ്ങിയ കെട്ടിന് 120 രൂപയാണ് വില.
ഇടത്തരം പപ്പടത്തിന് 140-160 രൂപയും. ഒരു കവർ പപ്പടം ചുരുങ്ങിയത് 80 ഗ്രാം ആണ്. ഇതിൽ 14 -15 പപ്പടം കാണും. 20 രൂപ മുതലാണ് വില. ഉഴുന്നിന്റെ വില ക്രമാതീതമായി വർധിച്ചതാണ് നേരിടുന്ന പ്രധാന പ്രശ്നമെന്ന് നിർമാതാക്കൾ പറയുന്നു.
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് വരുന്ന 50 കിലോ തൂക്കമുള്ള ഉഴുന്ന് മാവ് ചാക്കിന് 7,000 രൂപയാണു വില. പപ്പടകാരത്തിന് 800 രൂപയാണ് ഒരു കിലോയ്ക്കു നൽകേണ്ടത്.
പപ്പടത്തിലും പരീക്ഷണം
പണ്ട് ഉഴുന്നും കാരവും മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന പപ്പടം മാത്രമായിരുന്നുവെങ്കിൽ ഇന്ന് പച്ചക്കറികളും മറ്റും ഉപയോഗിച്ച് തയാറാക്കുന്നതടക്കം ഒട്ടേറെ പപ്പടങ്ങൾ ഉണ്ട്. ചക്ക, കപ്പ, ഉരുളക്കിഴങ്ങ്, പച്ചമുളക്, കാരറ്റ്, വെളുത്തുള്ളി തുടങ്ങിയവ ഉണക്കിപ്പൊടിച്ച് അരിപ്പൊടിയും കൂട്ടി ഉണ്ടാക്കുന്ന പപ്പടത്തിനും വിപണിയിൽ പ്രിയം ഏറെയുണ്ട്.
മുന്പ് പപ്പടം വറുത്തും ചുട്ടും മാത്രം കഴിച്ചിരുന്നവർ ഇന്ന് പപ്പട തോരൻ, പപ്പടം മുളകിട്ടത്, പപ്പടം നിറച്ചത്, പപ്പട കറി, പപ്പട പായസം എന്നിവയിലെല്ലാം പരീക്ഷണം നടത്തി വിജയിച്ചവരാണ്.
കൈ കൊണ്ട് ഉണ്ടാക്കുന്ന പപ്പടം
പരന്പാരഗത രീതിയിലുള്ള കൈ തൊഴിലായാണ് പപ്പട നിർമാണം. ഒരു തൊഴിലാളി അടക്കം മുന്ന് പേരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. കോവിഡ് കാലമായതോടെ ഏല്ലാ മേഖലയിലുമെന്ന പോലെ ഈ മേഖലയിലും പ്രതിസന്ധികളേറേയാണ്.
ഒരു ദിവസം മൂന്ന് പേരും കൂടി പണിയെടുത്താൻ 15 കിലോ പപ്പടം വരെയുണ്ടാക്കാം. കൈകൊണ്ട് ഉണ്ടാക്കുന്ന പപ്പടം ആയതിനാൽ ആവശ്യക്കാർ ധാരാളം എത്താറുണ്ട്.
വ്യവസായിക അടിസ്ഥാനത്തിൽ പപ്പട നിർമാണം തുടങ്ങിയത് പരന്പരാഗതമായി തൊഴിൽ ചെയ്യുന്നവർക്ക് ഭീഷണിയാണ്. എന്നാൽ ഇപ്പോഴും പരന്പാരഗത രീതിയിലുണ്ടാക്കുന്ന പപ്പടം തേടി ആളുകൾ വീട്ടിലെത്താറുണ്ടെന്നു കോതനല്ലൂർ ചാമക്കാലായിൽ പപ്പടം ഉണ്ടാക്കി വിൽക്കുന്ന തങ്കമണി രാമചന്ദ്രനും മകൾ സജി രാമചന്ദ്രനും പറയുന്നു.