കൂത്താട്ടുകുളം: അക്രമവും മോഷണവും നടത്തി ഭീതി പരത്തിയ പാപ്പാൻ റൈഡേഴസിലെ അംഗങ്ങൾ ആറ് ജില്ലകളിലായി വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായവർ.
സംഘാംഗങ്ങളായ തൃശൂർ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടിൽ അനുരാഗ് (20), കോട്ടയം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (26), ഓണക്കൂർ അഞ്ചൽപ്പെട്ടി ചിറ്റേത്തറ വീട്ടിൽ ശിവകുമാർ (32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്.
തൊടുപുഴ മുതൽ കൂത്താട്ടുകുളം അക്രമസംഭവങ്ങൾ നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഞായറാഴ്ച വൈകുന്നേരം ആറിന് കിഴകൊമ്പ് വളപ്പിൽ കനാല്‍ പരിസരത്ത് വച്ച് സ്കൂട്ടർ യാത്രക്കാരന്റെ മാല പൊട്ടിച്ച് കടന്നുകളയുന്ന അതിനിടെയാണ് ഇവർ നാട്ടുകാരുടെ പിടിയിലാകുന്നത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലുണ്ട്.
തൊടുപുഴ ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്കു കാറിലെത്തിയ സംഘം നിരവധി അക്രമസംഭവങ്ങൾ നടത്തിയിട്ടുണ്ട്. വഴിത്തലയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നിരുന്നു. പുല്ലുവെട്ടാൻ പിതാവിനൊപ്പം പോയ കൗമാരക്കാരന്റെ മാലയാണ് കവർന്നത്.
പാലക്കുഴയിൽ ഇതര സംസ്ഥന തൊഴിലാളികളെയും യാത്രക്കിടെ അക്രമിച്ചു. ഇവർക്കും പരിക്കുണ്ട്. കൂത്താട്ടുകുളം അമ്പലക്കുളത്തിൽ അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ മൊബൈൽ ഫോൺ കവർന്നതായും പരാതിയുണ്ട്.
ഇടയാർ സ്വദേശിയായ സുഹൃത്തിനെ കാണുവാൻ പോകും വഴിയാണ് പ്രതികൾ മോഷണം ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ നടത്തിയത്. വഴിനീളെ ചെറുതും വലുതുമായി നിരവധി മോഷണങ്ങൾ സംഘം നടത്തിയതായി പോലീസ് പറഞ്ഞു.
രാമപുരം സ്വദേശി വിഷ്ണു പതിനേഴോളം കേസുകളിൽ പ്രതിയാണ് ഏഴുമാസം മുമ്പാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിടിയിലായ പ്രതികൾ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിനു സമീപമുള്ള പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.
നിരീക്ഷണ കാലാവധിക്ക് വിശേഷം പ്രതികളെ റിമാൻഡ് ചെയ്യും. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍മാരായ കെ.ആര് മോഹന്‍ദാസ്, ജയപ്രസാദ്, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സംഗമം ജയിലിൽവച്ച്
കൂത്താട്ടുകുളം: പാപ്പാൻ റൈഡേഴ്സിലെ ക്രിമിനലുകൾ പരസ്പരം കണ്ടുമുട്ടുന്നത് ജയിലിൽ വച്ചാണ്. പുറത്തിറങ്ങിയ ശേഷം മോഷണ രംഗത്ത് സജീവമാവുകയായിരുന്നു. പ്രതികൾ ആനപ്പാപ്പാന്മാരും സഹായികളും ആയതിനാൽ പാപ്പാൻ റൈഡേഴ്സ് എന്ന പേരിൽ തന്നെ ഇവർ സംഘം ഉണ്ടാക്കി.
ആനപ്പാപ്പാനായ ശിവന്റെ വീട്ടിൽ വച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നത്. മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ഇങ്ങനെ കിട്ടുന്ന തുക ആർഭാട ജീവിതത്തിനും ലഹരി മരുന്നുകൾ വാങ്ങുന്നതിനും ഉപയോഗിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയിൽനിന്നും മോഷ്ടിച്ച ബൈക്കിലും, പ്രതികളിലൊരാളുടെ കാറിലും കറങ്ങി നടന്നാണ് ഇവർ ആക്രമണവും മോഷണവും നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പ്രതികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
മോഷ്ടിക്കപ്പെട്ട സ്വർണത്തിലേറെയും കൂത്താട്ടുകുളത്തെ ഒരു സ്വർണക്കടയിലാണ് വിറ്റിട്ടുള്ളത്. ഇവരുടെ സഹായികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.