കാഞ്ഞിരപ്പള്ളി: വലിയൊരു ഇടവേളയ്ക്കു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ വീണ്ടുമെത്തി.
മലയാളത്തിനു നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “പാപ്പൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് നടനും എംപിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലെത്തിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സ്വിച്ചോൺ കർമം നിർവഹിച്ചു. സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി, കനിഹ എന്നിവരാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
കോവിഡിനുശേഷം വീണ്ടുമൊരു ഷൂട്ടിംഗ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ അഭിനേതാക്കളെയും ഷൂട്ടിംഗും കാണാൻ നിരവധി പേരാണ് എത്തിയത്.
കാഞ്ഞിരപ്പള്ളിക്കു പുറമേ പാലാ, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. സുരേഷ് ഗോപിയുടെ 252-ാം ചിത്രമാണ്.
മാത്യു പാപ്പൻ എന്ന പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പാപ്പന്റെ ആദ്യ ഷെഡ്യൂളിലാണ് കാഞ്ഞിരപ്പള്ളിയും പ്രദേശങ്ങളും ലൊക്കേഷനാകുന്നത്.
ഒരു ഇൻവെസ്റ്റിഗേറ്റ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി വൻ താരനിരയാണ് സുരേഷ് ഗോപിക്കൊപ്പം കാഞ്ഞിരപ്പള്ളിയിൽ ഈ ദിവസങ്ങളിലെത്തുന്നത്.
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് കാമറയ്ക്കു മുന്നിലെത്തുന്നത് കാഞ്ഞിരപ്പള്ളിയിലെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇവർക്കൊപ്പം പൂമരം ഫെയിം നീത പിള്ള, നൈല ഉഷ, സണ്ണി വെയ്ൻ, സ്വാസിക, ഷമ്മി തിലകൻ, ആശാ ശരത്, ടിനി ടോം എന്നിവരും ഇവിടെ ചിത്രീകരണത്തിനായി എത്തുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.