നേമം: പാപ്പനംകോട് ദി ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ വെന്തു മരിച്ച സംഭവത്തിൽ മരിച്ച രണ്ടാമനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. തീപിടിത്തത്തിൽ ഓഫീസ് ജീവനക്കാരി വൈഷ്ണ (35) ആണ് മരിച്ചത്. മരിച്ച രണ്ടാമൻ ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇയാളെ തിരിച്ചറിയാൻ പോലീസ് ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ ഉച്ചയ്ക്ക് ഒന്നര യോടുകൂടിയാണ് വലിയ ശബ്ദത്തോടെ ഓഫീസിൽ നിന്നും തീയും പുകയും ഉയർന്നത്. സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ടുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്.
അതേസമയം സംഭവത്തിൽ പോലീസ് കൊലപാതക സാധ്യതയും സംശയിക്കുന്നുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയായിരുന്ന വൈഷ്ണ നാലു വർഷം മുമ്പാണ് നരുവാമൂട് സ്വദേശിയായ ബിനു കുമാറുമായി താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ബിനുകുമാർ പലപ്പോഴും ഓഫീസിലെത്തി ഇടയ്ക്കിടയ്ക്ക് വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നും പറയപ്പെടുന്നു.
ഇത് സംബന്ധിച്ച് നേമം പോലീസിലും പരാതി നൽകിയിരുന്നു. ഇന്നലെയും ഒരാൾ എത്തി ഇവിടെ വഴക്കുണ്ടാക്കിയിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.ഫോറൻസിക് വിഭാഗം ഇവിടെ എത്തി പരിശോധന നടത്തി ദ്രാവകത്തിന്റെ ഗന്ധം ഉള്ളതായിസൂചന നൽകിയിരുന്നു. പരിശോധനയിൽ ഒരു കത്തിയും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം മണ്ണെണ്ണ പോലുള്ള ദ്രാവകം ഉപയോഗിച്ച് തീ കൊളുത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഇന്ന് ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.